'നിങ്ങള്‍ പ്രതികാരത്തിനിറങ്ങിയാല്‍ ഞാന്‍ ഈ പള്ളിയും നാടും വിട്ടു പോവും'; രാമനവമിക്കിടെയുണ്ടായ കലാപത്തില്‍ മകന്‍ നഷ്ടപ്പെട്ട ഇമാമിന്റെ സമാധാന ആഹ്വാനം
National
'നിങ്ങള്‍ പ്രതികാരത്തിനിറങ്ങിയാല്‍ ഞാന്‍ ഈ പള്ളിയും നാടും വിട്ടു പോവും'; രാമനവമിക്കിടെയുണ്ടായ കലാപത്തില്‍ മകന്‍ നഷ്ടപ്പെട്ട ഇമാമിന്റെ സമാധാന ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th March 2018, 12:05 pm

കൊല്‍ക്കത്ത: ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട തന്റെ മകന് വേണ്ടി പ്രതികാരം ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി അസന്‍സോള്‍ പള്ളിയിലെ ഇമാം. കഴിഞ്ഞ ദിവസം സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട 16 വയസുകാരന്‍ സിബ്ദുല്ല റാഷിദിയുടെ പിതാവ് മൗലാനാ ഇംദാദുല്‍ റാഷിദിയാണ് സമാധാനത്തിനായി ആഹ്വാനം ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് തിരിച്ച് എന്തെങ്കിലും ആക്രമണം നടത്തിയാല്‍ താന്‍ പള്ളിയും നഗരവും വിട്ടുപോവുമെന്നാണ് ഇമാം ജനക്കൂട്ടത്തോട് പറഞ്ഞത്.


Read Also: പലസ്തീന്‍ വിരുദ്ധ സംഘടനകളുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ബിന്‍ സല്‍മാന്‍


പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങവേയാണ് സിബ്ദുല്ലയെ റായ്പാറില്‍ നടന്ന സംഘര്‍ഷത്തിനിടെ കാണാതായത്. ആള്‍ക്കൂട്ടം പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച രാത്രിയോടെ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ സിബ്ദുല്ലയെ കണ്ടെത്തുകയായിരുന്നു.

“സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എന്റെ മകന്‍ പുറത്തായിരുന്നു. ഒരുകൂട്ടം ആളുകള്‍ അവനെ പിടിച്ചുകൊണ്ടു പോയി. എന്റെ മൂത്ത മകന്‍ പൊലീസില്‍ അറിയിച്ചെങ്കിലും അവര്‍ അവനെ അവിടെ പിടിച്ചിരുത്തുകയാണുണ്ടായത്. മകന്‍ മരിച്ചെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.” – റാഷിദി പറഞ്ഞു.


Read Also: ‘രാജ്യത്തെ നിയമങ്ങള്‍ക്കല്ല ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്’; കോടതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ ആലഞ്ചേരി


സംഭവത്തെ തുടര്‍ന്ന് ആയിരത്തോളം പേരാണ് പള്ളിക്ക് സമീപത്തെ ഈദ്ഗാഹ് മൈതാനത്ത് ഒത്തുകൂടിയത്. സിബ്ദുല്ലയുടെ മൃതദേഹം അടക്കം ചെയ്തതിന് ശേഷം റാഷിദി സമാധാനത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. “എനിക്ക് സമാധാനം വേണം. എന്റെ മകന്‍ നഷ്ടപ്പെട്ടു. മറ്റൊരു കുടുംബത്തിന് കൂടെ അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടരുത്. ഒരു വീടും കത്തിക്കപ്പെടരുത്. അങ്ങനെ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഞാന്‍ ഈ പള്ളിയും നഗരവും വിട്ട് പോവും. എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഒരു വിരല്‍പോലും ഉയര്‍ത്താതിരിക്കുക”- അസന്‍സോളിലെ നൂറാനി മസ്ജിദിലെ ഇമാമായ റാഷിദി പറഞ്ഞു.

“ഞാന്‍ 30 വര്‍ഷമായി ഇമാമാണ്. ഞാന്‍ ജനങ്ങള്‍ക്ക് സമാധാനത്തിന്റെ ശരിയായ സന്ദേശം നല്‍കണമെന്നത് പ്രധാനമാണ്. എനിക്ക് എന്റെ സ്വകാര്യനഷ്ടത്തെ മറികടന്നേ പറ്റൂ. അസന്‍സോളിലെ ജനങ്ങളും ഇതൊന്നും ഇഷ്ടപ്പെടുന്നവരല്ല. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്.” – റാഷിദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.


Read Also: ‘അമിത് ഷാ ആദ്യം അദ്ദേഹം അഹിന്ദു ആണോ അല്ലയോ എന്നതില്‍ വ്യക്തത വരുത്തട്ടെ’, സിദ്ധരാമയ്യ


ഇമാമിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും പ്രക്ഷുബ്ധരായ യുവാക്കളെ സമാധാനിപ്പിച്ചത് ഇമാമാണെന്നും അസന്‍സോള്‍ മേയര്‍ ജിതേന്ദ്ര തിവാരി പറഞ്ഞു. “അദ്ദേഹം അധികൃതരുമായി നല്ലരീതിയില്‍ സഹകരിച്ചു. ഈ വേദനയിലും സമാധാനത്തിനായി അദ്ദേഹം പരിശ്രമിച്ചു” – ജിതേന്ദ്ര തിവാരി പറഞ്ഞു.

നാല് ദിവസം മുമ്പ് പശ്ചിമബംഗാളിലെ അസന്‍സോളില്‍ നടന്ന രാമനവമിയ്ക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇതുവരെ അഞ്ച് പേരാണ് മരിച്ചത്. നഗരത്തില്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.