ഗുവാഹത്തി: പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന തിയേറ്ററില്‍ നടന്ന അക്രമസംഭവത്തില്‍ ആശങ്കയറിയിക്കാനായി നടന്‍ ഷാരൂഖ് ഖാന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ക്രമസമാധാനപാലനം സര്‍ക്കാരിന്റെ കടമയാണെന്ന് താന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഷാരൂഖ് ഖാന്റെ കോളിനെ കുറിച്ച് സംസാരിച്ചത്.
‘ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ എന്നെ രാവിലെ രണ്ട് മണിക്ക് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയുടെ പ്രദര്‍ശനത്തിനിടയില്‍ ഗുവാഹത്തിയിലുണ്ടായ സംഭവത്തില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ക്രമസമാധാന പാലനം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയിട്ടുണ്ട്. അത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അന്വേഷിക്കും, ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കും,’ ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
ഷാരൂഖ് ഖാനെയോ പത്താന്‍ സിനിമയെയോ കുറിച്ച് ഒന്നുമറിയില്ലെന്ന് കഴിഞ്ഞ ദിവസം ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. അസമില്‍ പത്താന്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന തിയേറ്ററിലേക്ക് ബജ്റംഗ്
ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ആരാണീ ഷാരൂഖ് ഖാന്‍? അയാളെ പറ്റിയോ അയാളുടെ പത്താന്‍ സിനിമയെ പറ്റിയോ എനിക്ക് ഒന്നുമറിയില്ല. ഇപ്പോള്‍ നടക്കുന്ന പ്രശ്നത്തെ പറ്റി പറയാന്‍ ബോളിവുഡിലെ ഒരുപാട് താരങ്ങള്‍ എന്നെ വിളിച്ചു. പക്ഷേ ഷാരൂഖ് ഖാന്‍ ഇതുവരെ വിളിച്ചിട്ടില്ല. അയാള്‍ വിളിക്കുകയാണെങ്കില്‍ കാര്യമെന്താണെന്ന് നോക്കാം. നിയമ ലംഘനമോ കേസോ ഉണ്ടാകുകയാണെങ്കില്‍ നടപടിയെടുക്കും,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
അസമീസ് ചിത്രം ഡോക്ടര്‍ ബെസ്ബരുവ 2 ഉടന്‍ റിലീസ് ചെയ്യുമെന്നും സംസ്ഥാനത്തെ ജനങ്ങള്‍ അത് കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അസമില്‍ പത്താന്‍ പ്രദര്‍ശിപ്പിക്കൊനൊരുങ്ങുന്ന നരേംഗിയിലെ തിയേറ്ററിലേക്കാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി പ്രതിഷേധിച്ചത്.
അടുത്തിടെ ബോളിവുഡ് സിനിമകള്‍ക്കെതിരായ വിവാദപ്രതികരണങ്ങളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പത്താനെതിരെ വിവിധ സംഘപരിവാര്‍ സംഘടനകളുടെയും ബി.ജെ.പി നേതാക്കളുടെയും വിദ്വേഷ പരാമര്‍ശങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെയായിരുന്നു മോദിയുടെ പരാമര്‍ശം.
ജനുവരി 25നാണ് പത്താന്‍ തിയേറ്ററുകളിലെത്തുന്നത്. ഷാരൂഖ് ഖാന്‍ നായകനാകുന്ന സിനിമയില്‍ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
content highlight: asam chief minister tweet about sharukh khan