ആഗ്ര: ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ താജ് മഹലില്‍ വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ നമസ്‌ക്കാരം തടഞ്ഞു. നമസ്‌കരിക്കാന്‍ എത്തുന്നവര്‍ ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്ക് എ.എസ്.ഐ ഊദ്ദ്യോഗസ്ഥര്‍ ഞായറാഴ്ച്ച പൂട്ടിയിട്ടു.
താജ് മഹലിലെ നമസ്‌കാരം ആഗ്ര സ്വദേശികള്‍ക്കു മാത്രമായി നിയന്ത്രിച്ച് കൊണ്ട് ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവ് പുറത്തിറങ്ങിയിരുന്നു. വെള്ളിയാഴ്ച്ച്കളില്‍ മാത്രമാണ് നമസ്‌കാരം അനുവദിച്ചിട്ടുള്ളത്.
നടപടി സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ചാണെന്ന് എ.എസ്.ഐ സൂപ്രണ്ട് വസന്ത് സ്വരങ്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച്ചകളില്‍ മാത്രമാണ് ഇവിടെ നമസ്‌കാരം അനുവദിച്ചിട്ടുള്ളത്. അതും ആഗ്രയിലും പരിസരങ്ങളിലുമുള്ളവര്‍ക്ക് മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച്ച സന്ദര്‍ശനത്തിനായി താജ് മഹല്‍ തുറന്ന് കൊടുക്കുകയില്ല. അന്ന് ആഗ്ര പരിസരത്തുള്ളവരെ ഉച്ചയ്ക്ക് 2 മണിക്കുള്ളില്‍ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചാല്‍ നമസ്‌കരിക്കാന്‍ അനുവദിക്കും.
Also Read: ഒരു ബി.ജെ.പി എം.പിയുണ്ട്, അക്കാര്യം പാര്‍ട്ടി തലത്തില്‍ തീരുമാനിക്കട്ടെ; യുവമോര്‍ച്ച വേദിയിലെ പ്രസംഗം പുറത്തുവിട്ട മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് ശ്രീധരന്‍ പിള്ള
ജനുവരിയില്‍ ആഗ്ര അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഇവിടെ ആഗ്രക്ക് പുറത്ത് നിന്നുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുവാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു.സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ചാണ് ഉത്തരവിറക്കിയത്.
എന്നാല്‍ സുപ്രീം കോടതിയുടെ പുതിയ വിധിക്കെതിരെ താജ് മഹല്‍ മസ്ജിദ് കമ്മിറ്റി മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സൈദ് ഇബ്രാഹിം ഹുസൈന്‍ സെയ്ദി അപ്പീല്‍ നല്‍കിയിരുന്നു.
ആഗ്ര നിവാസികളെ മറ്റു ദിവസങ്ങളില്‍ നമസ്‌കരിക്കാന്‍ അനുവദിക്കാത്തതിന് കാരണങ്ങളൊന്നുമില്ല. സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകളുെട മുസ്‌ലിം വിരുദ്ധ നിലപാടാണ് കാരണം എന്നും സെയ്ദിആരോപിക്കുന്നു. എ.എസ്.ഐ അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.