|

ബംഗ്ലാദേശ് വിമോചനത്തിനായി സത്യാഗ്രഹമിരുന്നുവെങ്കില്‍ പിന്നെന്തിനാണ് മുര്‍ഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശികളെന്ന് വിളിച്ച് മാറ്റിനിര്‍ത്തുന്നത്? മോദിയോട് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുര്‍ഷിദാബാദ്: ബംഗ്ലാദേശ് വിമോചനത്തിനായി സത്യാഗ്രഹമിരുന്നുവെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തെന്തിനാണ് മുര്‍ഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശികളാണെന്ന് വിളിച്ച് സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുര്‍ഷിദാബാദിലെ പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ബംഗ്ലാദേശ് വിമോചനത്തിനായി മോദി സത്യാഗ്രഹം വരെ ഇരുന്നിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. നിങ്ങള്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെന്തിനാണ് മുര്‍ഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശികള്‍ എന്ന് വിളിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്തിനാണ് ഞങ്ങളെ ചൂഷണം ചെയ്യുന്നത്’, ഉവൈസി ചോദിച്ചു.

പശ്ചിമബംഗാളില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ വിമര്‍ശനം.

മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബംഗ്ലാദേശ് സന്ദര്‍ശനം നടത്തിയ മോദിയുടെ വിസ റദ്ദാക്കണമെന്നാണ് മമത പറഞ്ഞത്.

‘2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശി നടന്‍ ഞങ്ങളുടെ റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ബി.ജെ.പിക്കാര്‍ ബംഗ്ലാദേശിനോട് പറഞ്ഞ് അദ്ദേഹത്തിന്റെ വിസ റദ്ദാക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രി തന്നെ വോട്ട് പിടിക്കാനായി ബംഗ്ലാദേശിലെത്തിയിരിക്കുന്നു. എന്തുകൊണ്ട് മോദിയുടെ വിസ റദ്ദാക്കുന്നില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും’, മമത ബാനര്‍ജി പറഞ്ഞു.

ബംഗ്ലാദേശിലെ മതുവ വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശത്താണ് നരേന്ദ്ര മോദി ശനിയാഴ്ച സന്ദര്‍ശനം നടത്തിയത്. മതുവ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അമ്പലത്തിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു.

പശ്ചിമ ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 27ാം തീയ്യതി തന്നെ മോദി മതുവ വിഭാഗത്തിന്റെ ക്ഷേത്രം സന്ദര്‍ശിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എന്ന പരാതിയുയര്‍ന്നിരുന്നു. ബംഗാളിലെ 29 ഓളം സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള വിഭാഗമാണ് മതുവ. ഇവരെ സ്വാധീനിച്ച് വോട്ട് ബി.ജെ.പിയുടെ പെട്ടിയിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് നിരീക്ഷണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ പ്രതിഷേധം നടക്കുന്നതിനിടെ ജഷോരേശ്വരി കാളി ക്ഷേത്രം മോദി ശനിയാഴ്ച സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിക്കപ്പെടണമെന്ന് മാ കാളിയോട് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് മോദി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Hghlights: Asadudin Owaisi Slams Narendra Modi’s Visit To Bengladesh