ഹൈദരാബാദ്: കര്‍ണ്ണാടകയിലെ ബെലഗാവി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരെ മത്സരിപ്പിക്കില്ലെന്ന സംസ്ഥാന ഗ്രാമവികസനമന്ത്രി കെ.എസ് ഈശ്വരപ്പയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. പ്രസ്താവന വെറുപ്പുളവാക്കുന്നതും നാണംകെടുത്തുന്നതുമാണെന്ന് ഉവൈസി പറഞ്ഞു.
വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. എന്നാല്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം രാഷ്ട്രീയഅധികാരം നേടണമെന്നും മറ്റുള്ളവര്‍ അവര്‍ക്ക് അടിമപ്പെട്ട് ജീവിക്കണമെന്നും വിശ്വസിക്കുന്നവരാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നത്. ഇവരുടെ ഈ മനോഭാവം രാജ്യത്തെ ഭരണഘടന തത്ത്വങ്ങളുമായി ഒത്തുപോകില്ല, ഉവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബെലഗാവി ലോക് സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന വിദ്വേഷ പരാമര്‍ശവുമായി കര്‍ണ്ണാടക ഗ്രാമവികസന മന്ത്രി കെ. എസ് ഈശ്വരപ്പ രംഗത്തെത്തിയത്.
ഹിന്ദുക്കള്‍ ധാരാളമുള്ള പ്രദേശമാണ് ബെലഗാവിയെന്നും അതിനാല്‍ ഹിന്ദു സമുദായാചാരങ്ങള്‍ പിന്തുടരുന്നയാള്‍ക്ക് മാത്രമേ സീറ്റ് നല്‍കൂവെന്നായിരുന്നു ഈശ്വരപ്പ പറഞ്ഞത്.
ബി.ജെ.പിയില്‍ കുറുബ, ലിംഗായത്ത്, വോക്കലിഗ, ബ്രാഹ്മണര്‍, എന്നിവരെ പറ്റി യാതൊരു ചോദ്യങ്ങളുമില്ല. നമ്മളെല്ലാം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇതാണ് ശരിയായ ജനാധിപത്യരീതി. വേറൊരു പാര്‍ട്ടിയും ബി.ജെ.പിയെ പോലെ ഇത്തരത്തില്‍ ജനാധിപത്യക്രമം പാലിക്കുന്നില്ല, ഈശ്വരപ്പ പറഞ്ഞു.
ബെലഗാവിയിലെ സ്ഥാനാര്‍ത്ഥിയെ ദേശീയ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ നിശ്ചയിക്കുള്ളു. ജനങ്ങളുടെ വിശ്വാസം നേടി ജയിക്കാന്‍ കഴിവുള്ളയാളെ മാത്രമേ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ലിംഗായത്തുകള്‍ക്കോ, ബ്രാഹ്മണര്‍ക്കോ, കുറുബകള്‍ക്കോ സീറ്റ് നല്‍കിയാലും ഒരു മുസ്‌ലിമിന് സീറ്റ് നല്‍കില്ല. ഹിന്ദുക്കളുടെ കേന്ദ്രമാണ് ബെലഗാവി. ഇവിടെ മുസ്‌ലീമിന് സീറ്റ് നല്‍കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കാനേ കഴിയില്ല, ഈശ്വരപ്പ പറഞ്ഞു.
അതേസമയം ഇതാദ്യമായല്ല ഇത്തരം വിദ്വേഷപരമാര്‍ശവുമായി ഈശ്വരപ്പ രംഗത്തെത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കോപ്പാളില്‍ വെച്ച് നടന്ന ഒരു ചടങ്ങിനിടെയും ഈശ്വരപ്പ ഇത്തരം പരാമര്‍ശം നടത്തിയിരുന്നു. ബി.ജെ.പിയില്‍ വിശ്വസിക്കാത്തവരായ മുസ്ലിങ്ങള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക