| Tuesday, 4th May 2021, 4:16 pm

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കലാണ് സര്‍ക്കാരിന്റെ പ്രധാന ചുമതല, അതില്‍ അവര്‍ പരാജയപ്പെട്ടു; ബംഗാള്‍ അക്രമങ്ങളില്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളില്‍ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

സംസ്ഥാനത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും പ്രധാന ഉത്തരവാദിത്തമെന്ന് ഉവൈസി പറഞ്ഞു.

‘ജീവിക്കാനുള്ള അവകാശം മൗലിക അവകാശമാണ്. ജനങ്ങളുടെ ജീവന് സംരക്ഷിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും പ്രധാന ചുമതല.
മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സാധിക്കാത്ത ഏതൊരു സര്‍ക്കാരിന്റെ നടപടിയും അംഗീകരിക്കാനാവുന്നതല്ല’, ഉവൈസി പറഞ്ഞു.

മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളില്‍ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.വിവിധ സ്ഥലങ്ങളിലെ അക്രമങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.

അതേസമയം കൊല്ലപ്പെട്ടവരില്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരായ ആറു പേര്‍ ഉണ്ടെന്ന് ബി.ജെ.പി നേതൃത്വം അവകാശപ്പെട്ടു. തൃണമൂല്‍ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടി ഓഫീസ് തകര്‍ത്തുവെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ആക്രമണത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ നേതൃത്വം ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Hghllights: Asadudin Owaisi Reaction On Bengal Violence

We use cookies to give you the best possible experience. Learn more