ഹൈദരാബാദ്: 2019ലെ പുല്‍വാമ ആക്രമണത്തിലെ സുരക്ഷാ വീഴ്ചകളില്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് മൗനം പാലിക്കുകയായിരുന്നുവെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.
എ.ഐ.എം.എ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് ഉവൈസി സത്യപാല്‍ മാലിക്കിനെതിരെ വിമര്‍ശിച്ചിരിക്കുന്നത്.
‘സത്യപാല്‍ മാലിക് അദ്ദേഹത്തിന്റെ ജോലി രക്ഷിക്കാന്‍ മൗനം പാലിച്ചു. ഇന്ത്യയോട് നിങ്ങള്‍ക്ക് സ്‌നേഹമുണ്ടായിരുന്നോ? നിങ്ങളുടെ ജോലി രക്ഷിക്കാന്‍ നിങ്ങള്‍ ഞങ്ങളുടെ രക്തസാക്ഷികളുടെ ചോര കൊണ്ട് ഹോളി ആഘോഷിച്ചു,’ ഉവൈസി പറഞ്ഞു.
സത്യപാല്‍ മാലിക് അദ്ദേഹത്തിന്റെ ജോലിയില്‍ പരാജിതനാണെന്നും ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി സത്യസന്ധനായി അഭിനയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ആക്രമം നടന്ന സമയത്ത് തന്നെ നിങ്ങള്‍ സത്യം പറയണമായിരുന്നു. പക്ഷേ നിങ്ങള്‍ ഒരു വാക്ക് പോലും ഇതിനെ സംബന്ധിച്ച് പറഞ്ഞിട്ടില്ല. കാരണം നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ തത്പരനായിരുന്നു.
പുല്‍വാമ ആക്രമണം നടന്നപ്പോള്‍ ഞാനടക്കം അപലപിച്ചു. പക്ഷേ നിങ്ങള്‍ മൗനിയായി ഇരുന്നു. അന്ന് നിങ്ങളുടെ രാജ്യസ്‌നേഹം എവിടെയായിരുന്നു. മോദി ലോക്‌സഭയില്‍ വിജയിക്കണമെന്നുള്ളതിനാല്‍ നിങ്ങള്‍ അന്ന് മിണ്ടാതെ ഇരുന്നു,’ ഉവൈസി പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ച മറച്ചുവെക്കാനായി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.
‘പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. 300 കിലോ ആര്‍.ഡി.എക്സുമായി ഭീകരവാദി 15 ദിവസത്തോളം കശ്മീരില്‍ ചുറ്റിക്കറങ്ങിയിട്ടും ഒരു ഇന്റലിജന്‍സ് വിഭാഗത്തിനും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ദുരൂഹതയുണര്‍ത്തുന്നതാണ്. സി.ആര്‍.പി.എഫ് ട്രക്കിന് നേരെയുണ്ടായ ആക്രമണത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അശ്രദ്ധയാണ്,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
CONTENT HIGHLIGHT: ASADUDHEEN UWAISY AGAINST SATHYAPAL MALIK