ന്യൂദല്‍ഹി: രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജാചടങ്ങിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ക്ഷണിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് എ.എം.ഐ.എം.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബാബരി മസ്ജിദ് പൊളിക്കുന്നതില്‍ സംഘപരിവാറിനോടൊപ്പം കൈകോര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് ഉവൈസി ആരോപിച്ചു.
‘ക്രെഡിറ്റ് എവിടെ വേണമെങ്കിലും കൊടുക്കാം. ബാബരി മസ്ജിദിന്റെ പൂട്ടുകള്‍ വീണ്ടും തുറന്നത് രാജീവ് ഗാന്ധിയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ പൊളിച്ചുനീക്കിയതിന്റെ മേല്‍നോട്ടം വഹിച്ചത് പിവി നരസിംഹറാവുവാണ്. പള്ളി പൊളിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്, സംഘപരിവാറിനൊപ്പം കൈ കോര്‍ക്കുകയായിരുന്നു’, ഉവൈസി ട്വീറ്റ് ചെയ്തു.
Let us give where credit is due. After all it was Rajiv Gandhi who reopened the locks of Babri Masjid & it was PVN Rao who oversaw its demolition as Prime Minister. Congress was hands in glove with Sangh Parivar in this movement to destroy the masjid https://t.co/dxQduoajJg
— Asaduddin Owaisi (@asadowaisi) July 29, 2020
നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജാ ചടങ്ങിലേക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളേയും ക്ഷണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ദേശീയ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കണമെന്നും അവരെ ക്ഷണിക്കണമെന്നും സംഘാടകരോട് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി വന്നതോടെ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഒന്നിച്ച് ചടങ്ങില്‍ പങ്കെടുക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.