| Tuesday, 12th March 2024, 11:00 am

അഭയം നൽകിക്കോളൂ, മതത്തിന്റെയും ദേശത്തിന്റെയും പേരിലാകരുത്; സി.എ.എ മുസ്‌ലിങ്ങളെ ലക്ഷ്യമിടാൻ വേണ്ടി മാത്രമെന്ന് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മുസ്‌ലിങ്ങളെ രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തണമെന്ന ഗോഡ്‌സെയുടെ ചിന്താഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന് എ.ഐ.എം.ഐ.എം ദേശീയ അധ്യക്ഷനും എം.പിയുമായ അസദുദ്ധീൻ ഉവൈസി.

അഞ്ച് വർഷത്തോളം മാറ്റി വെച്ച നിയമങ്ങൾ എന്തുകൊണ്ടാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്നും എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ ഉവൈസി പറഞ്ഞു.

‘നിങ്ങൾ സമയക്രമം മനസ്സിലാക്കൂ. ആദ്യം തെരഞ്ഞെടുപ്പ് കാലം വരുന്നു, പിന്നീട് സി.എ.എ നിയമങ്ങൾ വരുന്നു. സി.എ.എയോടുള്ള ഞങ്ങളുടെ എതിർപ്പിന് യാതൊരു മാറ്റവുമില്ല. സി.എ.എ ജനങ്ങളെ വിഭജിക്കുന്നതാണ്. മുസ്‌ലിങ്ങളെ രണ്ടാം തരം പൗരന്മാരായി തരംതാഴ്ത്തണമെന്ന ഗോഡ്‌സെയുടെ ചിന്താഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

പീഡനങ്ങൾ നേരിടുന്ന ആർക്ക് വേണമെങ്കിലും അഭയം നൽകൂ. എന്നാൽ പൗരത്വം മതത്തിന്റെയും ദേശത്തിന്റെയും പേരിലാകരുത്.

അഞ്ച് വർഷത്തോളം ഈ നിയമങ്ങൾ മാറ്റിവെച്ച സർക്കാർ എന്തുകൊണ്ടാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് വിശദീകരിക്കണം.

എൻ.പി.ആർ-എൻ.ആർ.സിക്കൊപ്പം സി.എ.എയും മുസ്‌ലിങ്ങളെ മാത്രം ലക്ഷ്യമിടാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. അല്ലാതെ അതിന് വേറെ ഉദ്ദേശങ്ങളൊന്നുമില്ല.

സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവയെ എതിർക്കാൻ തെരുവിലിറങ്ങിയവർ വീണ്ടും ഇറങ്ങുക എന്നതല്ലാതെ മറ്റ് മാർഗങ്ങളില്ല,’ ഉവൈസി എക്‌സിൽ കുറിച്ചു.

Content Highlight: Asadudheen Owaisi against CAA

We use cookies to give you the best possible experience. Learn more