'കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ഇന്നലെകളില്‍ നിന്ന് മുഗള്‍ ചരിത്രത്തെ ഇല്ലാതാക്കുന്നു, ചൈന നമ്മുടെ ഇന്നുകളെയും': അസദുദ്ദീന്‍ ഒവൈസി
national news
'കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ഇന്നലെകളില്‍ നിന്ന് മുഗള്‍ ചരിത്രത്തെ ഇല്ലാതാക്കുന്നു, ചൈന നമ്മുടെ ഇന്നുകളെയും': അസദുദ്ദീന്‍ ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2023, 5:59 pm

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെ ഒഴിവാക്കുമ്പോള്‍, ചൈന ഇന്ത്യയുടെ ഇന്നുകളെ ഇല്ലാതാക്കുകയാണെന്ന് ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമുന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.

സിലബസില്‍ നിന്ന് മുഗള്‍ ചരിത്രം ഒഴിവാക്കാനുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ തീരുമാനത്തിന്റെയും അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ പുനര്‍നാമകരണം ചെയ്ത ചൈനീസ് നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ഒവൈസിയുടെ വിമര്‍ശനം.

‘ഒരിടത്ത് മോദി ഗവണ്‍മെന്റ് എന്‍.സി.ഇ.ആര്‍.ടി സിലബസില്‍ നിന്ന് മുഗള്‍ ചരിത്രത്തെ മായ്ച്ചു കളയുകയാണ്, മറുവശത്ത് ചൈന നമ്മുടെ ഇന്നിനെ ഇല്ലാതാക്കുന്നു,’ ഒവൈസി പറഞ്ഞു.

മുഗള്‍ ചരിത്രത്തെ ഒഴിവാക്കുന്നത് ‘മോദിജിയുടെ ഭാരതത്തോട്’ യോജിക്കുന്ന ഒരു നീക്കമാണെന്ന് രാജ്യസഭ എം.പി കപില്‍ സിബല്‍ പറഞ്ഞു. ആധുനിക ഇന്ത്യാ ചരിത്രം തുടങ്ങുന്നത് 2014ന് ശേഷമാണെന്നാണ് അവര്‍ കരുതുന്നതെന്നും സിബല്‍ അഭിപ്രായപ്പെട്ടിരുന്നു.

സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി എന്‍.സി.ഇ.ആര്‍.ടി, 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. മുഗള്‍ ചരിത്രത്തിന് പുറമെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സമരങ്ങളുടെ ചരിത്രവും ഒഴിവാക്കാന്‍ തീരുമാനിച്ചതായാണ് വിവരം.

അരുണാചല്‍ പ്രദേശിന് മേലുള്ള തങ്ങളുടെ അവകാശവാദം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൈന സംസ്ഥാനത്തെ 11 പ്രദേശങ്ങളുടെ പേര് മാറ്റിയിരുന്നു. മൂന്നാം തവണയാണ് ചൈന സംസ്ഥാനത്തെ പ്രദേശങ്ങളുടെ പേര് മാറ്റുന്നത്. അഞ്ച് പര്‍വത നിരകള്‍, രണ്ട് ഭൂപ്രദേശങ്ങള്‍. പാര്‍പ്പിട മേഖലകള്‍, നദികള്‍ എന്നിവയുടെ പേര് മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

അരുണാചല്‍ പ്രദേശിലെ 11 പ്രദേശങ്ങള്‍ ചൈന പുനര്‍നാമകരണം ചെയ്തതിനെതിരെ നേരത്തെ ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ഭാഗ്ചി രംഗത്ത് വന്നിരുന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ പ്രധാനപ്പെട്ട സംസ്ഥാനമാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

Content Highlights: asadudeen ovaisi slams central government over syllabus revision