| Sunday, 3rd November 2019, 6:26 pm

'മാര്‍ക്കറ്റില്‍ ലഭിക്കുന്ന പുതിയ ബിസ്‌ക്കറ്റാണോ 50-50'; ബി.ജെ.പി -ശിവസേന പോരിനെ പരിഹസിച്ച് അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശിവസേനയും തമ്മില്‍ നടക്കുന്ന വാക്‌പോരിനെ പരിഹരിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പുതിയ ബിസ്‌ക്കറ്റാണോ 50-50 എന്നായിരുന്നു ഉവൈസിയുടെ ചോദ്യം. തന്റെ പാര്‍ട്ടി ബി.ജെ.പിയെയോ ശിവസേനയെയോ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്താണ് 50-50? മാര്‍ക്കറ്റില്‍ ലഭിക്കുന്ന പുതിയ ബിസ്‌ക്കറ്റ് ആണോ? 50-50 എത്രകാര്യങ്ങള്‍ ചെയ്യും? മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യൂ. സത്താരയില്‍ ശക്തമായ മഴ ഉണ്ടാക്കിയ നാശനഷ്ടത്തെക്കുറിച്ച് ബി.ജെ.പിയോ ശിവസേനയോ ആശങ്കപ്പെടുന്നില്ല. കര്‍ഷകള്‍ ആശങ്കയിലാണ്. പക്ഷെ അവര്‍ ഇപ്പോഴും 50-50 -യെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്.’ ഉവൈസി പറഞ്ഞു.

മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിന്റെ ഭാഗമായ ബി.ജെ.പിയും ശിവസേനയും തമ്മില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. 50-50 രീതിയില്‍ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് ശിവസേന നിര്‍ബന്ധം പിടിക്കുമ്പോള്‍ രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി പദം പങ്കിടുന്നതില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു. 288 സീറ്റുള്ള മഹാരാഷ്ട്ര നിയമസഭയില്‍ ബി.ജെ.പി 105 സീറ്റിലും ശിവസേന 56 സീറ്റുകളുമാണ് നേടിയത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം രണ്ട് സീറ്റുകളാണ് നേടിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more