ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എം.ഐ.എം (മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍) നേതാവ് അസദുദ്ദീന്‍ ഒവൈസിയ്ക്ക് ഹൈദരാബാദില്‍ നിന്ന് നൈസാം ഓടിയത് പോലെ തെലങ്കാനയില്‍ നിന്ന് ഓടേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും മുസ്‌ലിംങ്ങള്‍ക്ക് പ്രത്യേക വികസന ഫണ്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു. പക്ഷെ ബി.ജെ.പി ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വിഭജനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. യോഗി പറഞ്ഞു. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു യോഗി ആദിത്യനാഥ്.
അതേസമയം യോഗിയുടെ വിമര്‍ശനത്തിനെതിരെ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ തന്റെ പിതാവിന്റെ രാജ്യമാണെന്നും ആര്‍ക്കും തന്നെ ഇവിടെ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്നും ഒവൈസി പറഞ്ഞു.
യോഗി ആദിത്യനാഥും ഒവൈസിയും പരസ്പരം സ്ഥിരമായി വിമര്‍ശനം നടത്തുന്നവരാണ്. “നിങ്ങള്‍ അലിയെ എടുത്തോളു ഞങ്ങള്‍ക്ക് ബജ്‌റംഗ് ബലി”യെ മതിയെന്നുള്ള യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ ഒവൈസി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അസംബ്ലി തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസിനെയാണ് എം.ഐ.എം പിന്തുണയ്ക്കുന്നത്. 2014 തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ 9 സ്ഥലങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.