| Sunday, 3rd January 2021, 2:55 pm

മമതയറിയാതെ ബംഗാളിലെത്തി ഉവൈസിയുടെ അതീവ രഹസ്യനീക്കങ്ങള്‍; മത നേതാക്കളുമായി കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ സംസ്ഥാനത്ത് അതീവ രഹസ്യമായി സന്ദര്‍ശനം നടത്തി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബംഗാളില്‍ എ.ഐ.എം.ഐ.എം മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ബംഗാളിലെത്തിയത്.

മത നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ഉവൈസി ബംഗാളില്‍ എത്തിയതെന്നാണ് സൂചന.  വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന ആശങ്കയുള്ളതിനാലാണ് അതീവ രഹസ്യമായി എത്തിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞത്.

‘വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നതിനാല്‍ കൂടിക്കാഴ്ച രഹസ്യമായി സൂക്ഷിക്കാന്‍ അസദുദ്ദീന്‍ ഉവൈസി ആഗ്രഹിച്ചു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് അബ്ബാസ് സിദ്ദിഖിയെ കാണാന്‍ അദ്ദേഹം നേരിട്ട് ഹൂഗ്ലിയിലേക്ക് പോയി. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം ഹൈദരാബാദിലേക്ക് പോകും,’ എ.ഐ.എം.ഐ.എം സംസ്ഥാന സെക്രട്ടറി സമീറുല്‍ ഹസ്സന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ഉവൈസിക്കെതിരെ ആരോപണങ്ങളുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്‌ലിം വോട്ടുകള്‍ വിഭജിക്കാന്‍ ഹൈദരാബാദില്‍ നിന്ന് ഒരു പാര്‍ട്ടിയെ കൊണ്ടുവരാന്‍ ബിജെ.പി കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണെന്നായിരുന്നു മമതയുടെ ആരോപണം.
എന്നാല്‍ തന്നെ വിലയ്ക്ക് വാങ്ങാന്‍ കെല്‍പ്പുള്ള ഒരുത്തനും ഇതുവരെ ജനിച്ചിട്ടില്ലെന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

ബീഹാര്‍ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് പശ്ചിമബംഗാളിലും പാര്‍ട്ടി മത്സരിക്കുമെന്ന് ഉവൈസി പറഞ്ഞത്.
294 നിയമസഭാ സീറ്റുകളിലേക്ക് അടുത്തവര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Asaduddin Owaisi Visits Bengal, Holds Meeting With Religious Leader

We use cookies to give you the best possible experience. Learn more