ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ബില്ലില്‍ നാടകീയ രംഗങ്ങള്‍. ബില്‍ കീറിയെറിഞ്ഞ് എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി.
നിറത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചിരുന്ന ദക്ഷിണാഫ്രിക്കയിലെ റജിസ്റ്റര്‍ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദവിയിലേക്കെത്തിയത്. താനും ഇവിടെ ഈ ബില്ല് വലിച്ചു കീറുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഉവൈസി ബില്ല് വലിച്ചു കീറിയത്.
എന്തിനാണ് കേന്ദ്ര സര്‍ക്കാരിന് മുസ് ലീങ്ങളോട് ഇത്ര വെറുപ്പെന്നും ഇത് രണ്ടാം വിഭജനമാണെന്നും ഉവൈസി ആരോപിച്ചു.
‘ഭരണപക്ഷം മുസ്‌ലീങ്ങളോട് ഇത്ര വെറുപ്പ് പ്രകടിപ്പിക്കുന്നതെന്തിനാണ്? അസമിലെ മന്ത്രിയടക്കമുള്ളവര്‍ ബംഗാളി ഹിന്ദുക്കളെ തിരിച്ചു കൊണ്ടുവരുമെന്ന് പറയുന്നു. മുസ്‌ലീങ്ങളെ മാത്രമാണ് വേര്‍തിരിക്കുന്നത്. ഇത് വഭജനമല്ലേ ? മുസ്‌ലീങ്ങളെ ഭൂപടത്തില്‍ ഇല്ലാത്തവരായി മാറ്റാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്’- ഉവൈസി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ബില്ലിന്മേല്‍ കടുത്ത വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് പാര്‍ലമെന്റില്‍ നടക്കുന്നത്. എന്നാല്‍ ബില്‍ നടപ്പാക്കുക വഴി രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുകയല്ല ലക്ഷ്യമെന്നും അനീതിയുണ്ടാവുമെന്ന ഭയം വേണ്ടെന്നും ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.