'ഇതാണ് അവരുടെ മുസ്‌ലിം സ്‌നേഹം'; കര്‍ണാടകയില്‍ മുസ്‌ലിം സംവരണം ഒഴിവാക്കിയതില്‍ അസദുദ്ദീന്‍ ഉവൈസി
national news
'ഇതാണ് അവരുടെ മുസ്‌ലിം സ്‌നേഹം'; കര്‍ണാടകയില്‍ മുസ്‌ലിം സംവരണം ഒഴിവാക്കിയതില്‍ അസദുദ്ദീന്‍ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2023, 6:20 pm

ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ മുസ്‌ലിം
സമുദായത്തിനുള്ള സംവരണം റദ്ദാക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

ബി.ജെ.പി കൊട്ടിഘോഷിക്കുന്ന മുസ്‌ലിം സ്‌നേഹത്തിന്റെ അവസാന ഉദാഹരമാണ് കര്‍ണാടകയില്‍ കാണുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഉവൈസിയുടെ പ്രതികരണം.

‘കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്കുള്ള വിദ്യാഭ്യാസത്തിലും ജോലിയിലുമുള്ള സംവരണം എടുത്തുകളഞ്ഞു. ഇതാണ് നരേന്ദ്രമോദിയുടെ മുസ്‌ലിം സ്‌നേഹം.

ഹിജാബായാലും സംവരണമായാലും ലക്ഷ്യം മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസത്തിലും തൊഴിലിലും പുരോഗതിയെ തടയലാണ്,’ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

 

മുസ്‌ലിങ്ങള്‍ക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം ഒഴിവാക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. മുസ്‌ലിം വിഭാഗത്തെ 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍(EWS) ഉള്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം.

ഇതുവരെ മുസ്‌ലിങ്ങള്‍ക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം രണ്ട് ശതമാനം വൊക്കലിഗ സമുദായത്തിനും ലിംഗായത്ത് വിഭാഗക്കാര്‍ക്കും വീതിച്ച് നല്‍കും. വിഷയത്തില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

നടപടിയില്‍ വലിയ പ്രതിഷേധം സംഘടപ്പിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് വോട്ട് ധ്രുവീകരണത്തിനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു.