| Wednesday, 14th September 2022, 7:29 pm

പ്രധാന കാര്യങ്ങളില്‍ നിന്ന് മുങ്ങാന്‍ പ്രധാനമന്ത്രിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗതയാണ്; മോദിയെ പരിഹസിച്ച് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗതയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. രാജസ്ഥാനിലെ ജയ്പൂരിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്ത് ചീറ്റപ്പുലികളെ വീണ്ടും കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഉവൈസിയുടെ പരാമര്‍ശം.

തന്റെ ജന്മദിനത്തില്‍ എട്ടോളം ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലെത്തിക്കാനാണ് മോദിയുടെ തീരുമാനം. നമീബിയയില്‍ നിന്നുമാണ് ഇവയെ ഇറക്കുമതി ചെയ്യുന്നത്. ചീറ്റപ്പുലികള്‍ക്ക് സഞ്ചരിക്കാന്‍ ബോയിങ് 747-700 വിമാനവും സജ്ജമാക്കിയിട്ടുണ്ട്.

തൊഴിലില്ലായമയോ, വിലവര്‍ധനയോ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വെച്ചാല്‍ പ്രധാനമന്ത്രി ഉടന്‍ തന്നെ സ്ഥലം കാലിയാക്കുമെന്നും അതാണ് അദ്ദേഹത്തിന്റെ രീതിയെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തിരുന്നു. ഇത്തരം കാര്യങ്ങളില്‍ മോദിക്ക് വേഗത അല്‍പം കൂടുതലാണെന്നും ഇത് കുറയ്ക്കാനാണ് ജനങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തോട് ആവശ്യപ്പെടുന്നതെന്നും ഉവൈസി പറഞ്ഞു.

ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് വാരാണസി കോടതി പുറത്തുവിട്ട വിധി 1991ലെ ആരാധനാലയ നിയമത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മദ്രസകളില്‍ റെയ്ഡ് നടത്തുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു.

മദ്രസകളില്‍ റെയ്ഡ് നടത്താനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം മിനി എന്‍.ആര്‍.സി നിലവില്‍ കൊണ്ടുവരാനുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്രസകളില്‍ മാത്രം എന്തുകൊണ്ടാണ് സര്‍വേ നടക്കുന്നതെന്നും ആര്‍.എസ്.എസിന്റെ സ്‌കൂളുകളില്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സര്‍വേ നടത്താത്തതെന്നും അദ്ദേഹം ചോദിച്ചു.

Content Highlight: asaduddin owaisi slams prime minister narendra modi, says he is faster in certain things like evading from serious issues

We use cookies to give you the best possible experience. Learn more