| Wednesday, 15th February 2023, 9:07 pm

ബി.ജെ.പിയുടെ ടൈമിങ് തെറ്റിപ്പോയി, അവര്‍ക്കനുകൂലമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ബി.ബി.സിക്ക് ഈ ഗതി വരില്ലായിരുന്നു: അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബി.ബി.സി ഓഫീസുകളില്‍ നടന്ന റെയ്ഡിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയേയും വിമര്‍ശിച്ച് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. ബി.ബി.സി ബി.ജെ.പിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പെരുമാറിയിരുന്നെങ്കില്‍ നേതാക്കള്‍ ബി.ബി.സിയെ പ്രശംസിച്ചേനെ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തെ അടിയന്തരാവസ്ഥ കാലത്ത് നടന്ന സംഭവങ്ങള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് മാധ്യമസ്വാതന്ത്രം ഏറെ വിലപ്പെട്ടതാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഉവൈസി വ്യക്തമാക്കി.

‘ അടിയന്തരാവസ്ഥ കാലത്ത് ബി.ജെ.പി ബി.ബി.സിക്ക് അനുകൂലമായിരുന്നു. ഇന്ന് കുറ്റം പറയുന്ന അതേ നേതാക്കള്‍ അന്ന് ബി.ബി.സിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ടൈമിങ് തെറ്റിപ്പോയി. അതുകൊണ്ട് തന്നെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടെ റെയ്ഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്തൊക്കെ സംഭവിച്ചാലും ബി.ബി.സി ഇനിയും സത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് എന്റെ വിശ്വാസം,’ അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ബി.സിയുടെ ദല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസവും തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു ബി.ബി.സി ഓഫിസുകളില്‍ പരിശോധന തുടങ്ങിയത്. ഇന്നലെ രാത്രിയിലും പരിശോധന തുടര്‍ന്നിരുന്നു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. ബി.ജെ.പിയിലെ ഏറ്റവും അടുത്ത ആരും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല എന്നാണ് മഹുവ ട്വീറ്റ് ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ നടപടി സെല്‍ഫ് ഗോളാണെന്ന് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പ്രതികരിച്ചു. തരംതാണ പ്രതികാരമായേ ലോകം ഈ റെയ്ഡിനെ കാണൂവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സ്ഥാപനവും നിയമത്തിന് മുകളിലല്ല. എന്നാല്‍, 20 ആദായ നികുതി ഉദ്യോഗസ്ഥര്‍ ബി.ബി.സിയുടെ ദല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലും സ്റ്റുഡിയോകളിലും നടത്തുന്ന റെയ്ഡ് പരിതാപകരമായ സെല്‍ഫ് ഗോളായിട്ടേ പറയാനാകൂ.

ബി.ബി.സി ഡോക്യുമെന്ററിയോടുള്ള പ്രതികാരമായും മാധ്യമസ്വാതന്ത്ര്യം ഞെരുക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നീക്കമായും ലോകം ഇതിനെ കാണൂ,’ തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Asaduddin Owaisi slams bjp on raids in BBC

We use cookies to give you the best possible experience. Learn more