ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏകീകൃത സിവില്‍കോഡ് ബില്ലിനെതിരെ എം.പി. അസദുദ്ദീന്‍ ഒവൈസി. ബില്ലിനെ ‘ഹിന്ദു കോഡ് ബില്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എല്ലാ സമുദായങ്ങള്‍ക്കും ബാധകമായ ‘ഹിന്ദു കോഡ്’ മാത്രമാണ് ഇതെന്നും, ഇതില്‍ ഹിന്ദുക്കള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഇളവുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബില്ലിലൂടെ മറ്റൊരു മതവും സംസ്‌കാരവും പിന്തുടരാന്‍ മുസ്‌ലികളെ നിര്‍ബന്ധിക്കുകയാണെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഒവൈസി പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അസദുദ്ദീന്‍ ഒവൈസി ഈ കാര്യം പറഞ്ഞത്.
പിന്തുടര്‍ച്ചാവകാശത്തിനും അനന്തരാവകാശത്തിനും ഒരു ഏകീകൃത നിയമം വേണമെങ്കില്‍, എന്തുകൊണ്ട് ഹിന്ദുക്കളെ അതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന്റെ ഭൂരിഭാഗത്തിനും ബാധകമല്ലെങ്കില്‍ ഒരു നിയമം ഏകീകൃതമാകുമോയെന്നും ചോദിച്ചു.
‘പിന്തുടര്‍ച്ചാവകാശത്തിനും അനന്തരാവകാശത്തിനും ഒരു ഏകീകൃത നിയമം വേണമെങ്കില്‍, എന്തുകൊണ്ട് ഹിന്ദുക്കളെ അതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു? നിങ്ങളുടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗത്തിനും ബാധകമല്ലെങ്കില്‍ ഒരു നിയമം ഏകീകൃതമാകുമോ?. ബിഗാമി, ഹലാല, ലിവ്-ഇന്‍ ബന്ധങ്ങള്‍ സംസാര വിഷയങ്ങളായി മാറിയിരിക്കുകയാണ്. എന്നാല്‍ ചില ഹിന്ദുക്കളെ അതില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ആരും ചോദിക്കുന്നില്ല,’ ഒവൈസി പറഞ്ഞു.
തന്റെ മതവും സംസ്‌കാരവും പിന്തുടരാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ ഈ ബില്‍ തന്നെ മറ്റൊരു മതവും സംസ്‌കാരവും പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതാണെന്നും ഒവൈസി പറയുന്നു.
‘എന്റെ മതവും സംസ്‌കാരവും പിന്തുടരാന്‍ എനിക്ക് അവകാശമുണ്ട്, ഈ ബില്‍ എന്നെ മറ്റൊരു മതവും സംസ്‌കാരവും പിന്തുടരാന്‍ പ്രേരിപ്പിക്കുന്നു. നമ്മുടെ മതത്തില്‍, അനന്തരാവകാശവും വിവാഹവും മതപരമായ ആചാരത്തിന്റെ ഭാഗമാണ്, വ്യത്യസ്തമായ ഒരു സമ്പ്രദായം പിന്തുടരാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നത് ആര്‍ട്ടിക്കിള്‍ 25ന്റെയും 29ന്റെയും ലംഘനമാണ്,’ ഒവൈസി കൂട്ടിച്ചേര്‍ത്തു.
Content Highlight: Asaduddin Owaisi Says Uniform civil code forces Muslims to follow other religion and culture