| Saturday, 18th June 2022, 5:04 pm

മിസ്റ്റര്‍ മോദി, സൈനിക മേധാവികള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കാതെ നട്ടെല്ലോടെ സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കൂ; കാര്‍ഷിക നിയമങ്ങളെ പോലെ ഇതും പിന്‍വലിക്കേണ്ടി വരും: ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി.

അഗ്നിപഥ് പദ്ധതി കേന്ദ്രത്തിന്റെ തെറ്റായ തീരുമാനമാണെന്നും മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ അദ്ദേഹത്തിന് ഇതും പിന്‍വലിക്കേണ്ടി വരുമെന്നും ഉവൈസി പറഞ്ഞു.

”സര്‍ക്കാര്‍ എടുത്ത തീര്‍ത്തും തെറ്റായ ഒരു തീരുമാനമാണ് അഗ്നിപഥ് പദ്ധതി. ഇത് രാജ്യത്തിന് ഒരിക്കലും നല്ലതായിരിക്കില്ല. നമ്മുടെ പട്ടാളക്കാരും നേവി ഓഫീസര്‍മാരും വെറും കരാര്‍ തൊഴിലാളികളാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ അവരുടെ പ്രൊഫഷന്‍ ബഹുമാനിക്കപ്പെടേണ്ടതാണ്,” എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ ഉവൈസി പറഞ്ഞു.

പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനം കാരണമാണ് രാജ്യത്തെ യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഭൂ നിയമവും കാര്‍ഷിക നിയമവും മോദി എങ്ങനെയാണോ പിന്‍വലിച്ചത്, അതുപോലെ ഈ അഗ്നിപഥ് പദ്ധതിയും അദ്ദേഹത്തിന് പിന്‍വലിക്കേണ്ടി വരും. രാജ്യത്തിന്റെ സുരക്ഷക്കും ഇവിടത്തെ യുവജനങ്ങള്‍ക്കും വേണ്ടി അദ്ദേഹത്തിന് അത് ചെയ്യേണ്ടി വരും,” ഉവൈസി പറഞ്ഞു.

”മിസ്റ്റര്‍ മോദി, സൈനിക മേധാവികള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കാതെ നട്ടെല്ലോടെ സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കൂ. ഒളിച്ചിരിക്കുന്നത് അവസാനിപ്പിച്ച്, വീണ്ടുവിചാരമില്ലാതെ എടുത്ത തീരുമാനത്തിന്റെ പരിണിതഫലങ്ങളെ നേരിടൂ.

സ്വന്തം ഭാവിയില്‍ ആശങ്കാകുലരായ ഈ രാജ്യത്തെ യുവാക്കളുടെ ദേഷ്യം നിങ്ങളെ ഉദ്ദേശിച്ചാണ്, നിങ്ങളെ ഉദ്ദേശിച്ച് മാത്രമാണ്,” എന്നായിരുന്നു കഴിഞ്ഞദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് ഉവൈസി ട്വീറ്റ് ചെയ്തത്.

അതേസമയം, കുറഞ്ഞ കാലയളവിലേക്ക് സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് രാജ്യത്ത് 234 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ 300ലധികം ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ട്.

കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 234 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കിയതിന് പുറമെ 93 ട്രെയിനുകള്‍ ഭാഗികമായും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. 11 ട്രെയിനുകളെ പ്രതിഷേധം മുന്‍നിര്‍ത്തി വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു.

പ്രതിഷേധം ശക്തമായതോടെ ബീഹാറിലെ 18 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിച്ഛേദിച്ചു.

Content Highlight: Asaduddin Owaisi says the youth are protesting on the streets due to Modi’s wrong decision and he must revoke Agnipath scheme

Latest Stories

We use cookies to give you the best possible experience. Learn more