ന്യൂദല്‍ഹി: ഗ്യാന്‍വാപി പള്ളി വിഷയത്തില്‍ വാരാണസി കോടതിയുടെ വിധിയില്‍ ആശങ്കയറിയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഹിന്ദു വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ പക്ഷക്കാരായ സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജി നിലനില്‍ക്കുമെന്നായിരുന്നു വാരാണസി കോടതി വിധിച്ചത്. കോടതി വിധി രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബാബരി മസ്ജിദ് കേസിലെ സമാന പാതയില്‍ തന്നെയാണ് രാജ്യവും നമ്മളും ഇപ്പോഴും സഞ്ചരിക്കുന്നതെന്നും ഒവൈസി പറഞ്ഞു.
‘ വിധി അസ്ഥിരപ്പെടുത്തുന്ന ഫലമാണുണ്ടാക്കുക. ബാബരി മസ്ജിദ് വിഷയത്തിലെ സമാനപാതയില്‍ തന്നെയാണ് നമ്മള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ബാബരി മസ്ജിദിന്റെ വിധി വന്നപ്പോള്‍, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വിധി രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു,’ഒവൈസി പറയുന്നു.
അഞ്ജുമാന്‍ ഇസ്‌ലാമിയ മസ്ജിദ് കമ്മിറ്റി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വിധിക്കുശേഷം 1991ലെ ആരാധനാലയ നിയമത്തിന്റെ ഉദ്ദേശം പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരരുന്നു ഹിന്ദുത്വ പക്ഷക്കാരായ സ്ത്രീകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് വാരാണസി കോടതി വ്യക്തമാക്കിയത്. ഗ്യാന്‍വാപി മസ്ജിദിന്റെ ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് ഹരജി സമര്‍പ്പിച്ചത്. ഇവരുടെ ഹരജി പരിഗണിക്കുന്നതിനിടെ പള്ളിയില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍വേക്കെതിരെ മസ്ജിദ് കമ്മിറ്റി വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
പള്ളിയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. സര്‍വേ നടത്താന്‍ അഭിഭാഷക സംഘത്തെ കോടതി നിയമിച്ചിരുന്നു. സര്‍വേക്കിടയിലും വിവിധ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും പിന്നീട് സംഘം സര്‍വേയുമായി മുന്നോട്ടുപോകുകയായിരുന്നു.
ഇതിനിടെ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ അത് ശിവലിംഗമല്ലെന്നും കണ്ടെടുത്തത് മസ്ജിദിന്റെ നമസ്‌കാര സ്ഥലത്തുള്ള ഫൗണ്ടന്‍ ആണെന്നുമായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രതികരണം.
മസ്ജിദില്‍ നടന്ന സര്‍വേയ്ക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദ് പണ്ട് ഹിന്ദു ക്ഷേത്രമുണ്ടായിരുന്ന ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്ന ഹിന്ദുത്വവാദികളുടെ ആരോപണം തെറ്റാണെന്നും ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
1991ലെ ആരാധനാലയ നിയമപ്രകാരം സ്വാതന്ത്ര്യം ലഭിച്ച സമയത്ത് സ്ഥിതി ചെയ്തിരുന്ന നിലയില്‍ ആരാധനാലയങ്ങളെ നിലനിര്‍ത്താനുള്ള നിയമമിരിക്കെ മസ്ജിദിനെതിരെ വരുന്ന ആരോപണങ്ങള്‍ ശരിവെക്കാനാകില്ലെന്നും നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയില്‍ ഹരജിക്കാര്‍ പറഞ്ഞിരുന്നു.
Content Highlight: Asaduddin owaisi says that varanasi court verdict will create destabilization in the country