മുകേഷ് അംബാനിയുടെ 15,000 കോടിയുടെ ആഢംബര വസതി വഖഫ് ഭൂമിയിലെന്ന് ഒവൈസി
national news
മുകേഷ് അംബാനിയുടെ 15,000 കോടിയുടെ ആഢംബര വസതി വഖഫ് ഭൂമിയിലെന്ന് ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2024, 10:55 am

ഹൈദരാബാദ്‌: ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ആഢംബര ഭവനം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. മുംബൈയില്‍ സ്ഥിതി ചെയ്യുന്ന അംബാനിയുടെ 15000 കോടി വിലമതിക്കുന്ന ആഢംബര വസതിയെക്കുറിച്ചാണ് ഒവൈസിയുടെ പരാമര്‍ശം.

ടി.വി 9ന് നല്‍കിയ അഭിമുഖത്തിലാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോയെന്ന ചോദ്യത്തിന് അതെ എന്നാണ് ഒവൈസി മറുപടി നല്‍കിയിരിക്കുന്നത്.

1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ വഖഫ് നിയമം, ഏകീകൃത വഖഫ് മാനേജ്‌മെന്റ്, ശാക്തീകരണം, ഡെവലപ്‌മെന്റ് ആക്ട്‌ എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ ഈ അഭിമുഖത്തില്‍ ഒവൈസി പങ്കുവെച്ചു.

വഖഫ് ഭേദഗതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിന് ഒരിക്കലും വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഒവൈസി അഭിമുഖത്തില്‍ പറഞ്ഞു. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം വഖഫ് ഇതര സ്വത്തായി പരിഗണിക്കുന്ന വസ്തുവിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാമെന്നും തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടത് വഴി ആ വസ്തു ബോര്‍ഡില്‍ നിന്ന് ഏറ്റെടുക്കാന്‍ സാധിക്കുമെന്നും ഒവൈസി വിമര്‍ശിച്ചു.

അതേസമയം വഖഫ് സ്വത്തുക്കളുടെ പേരില്‍ മുസ്‌ലിങ്ങള്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്നു എന്ന ആരോപണം ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് നടത്തുന്ന കുപ്രചരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര വഖഫ് ബോര്‍ഡിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡിന്റെയും അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന 44ഓളം ഭേദഗതികള്‍ ഉള്‍പ്പെടുന്ന വഖഫ് ഭേദഗതി ബില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. പുതിയ ഭേദഗതി പ്രകാരം വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയില്‍ സര്‍വെ നടത്താനുള്ള അധികാരം കലക്ടര്‍ക്ക് നല്‍കുകയും ബോര്‍ഡില്‍ സ്ത്രീകളെയും ഇതര മുസ്‌ലിങ്ങളെയും ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ടായിരുന്നു.

ബില്ലിനെതിരെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതോടെ ഈ വിഷയത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷവും ഭരണപക്ഷവും ഉള്‍പ്പെടുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.

Content Highlight: Asaduddin Owaisi says Mukesh Ambani’s Rs 15000 crore Antilia situated in Waqaf land