| Saturday, 15th October 2022, 12:27 pm

ഒരു ദിവസം ഹിജാബ് ധാരിയായ മുസ്‌ലിം സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരിക്കല്‍ ഹിജാബ് ധാരിയായ മുസ്‌ലിം വനിത ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയം സുപ്രീകോടതി വിശാല ബെഞ്ചിന് വിട്ടതിന് പിന്നാലെയായിരുന്നു ഉവൈസിയുടെ പ്രതികരണം.

മുസ്‌ലിം സ്ത്രീകള്‍ തല മറയ്ക്കുന്നുണ്ടെന്ന് കരുതി അവര്‍ തങ്ങളുടെ മുഖം മറയ്ക്കുന്നുണ്ടെന്ന് അതിനര്‍ത്ഥമില്ലെന്നും ഉവൈസി പറഞ്ഞു.

”ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്, ഇനിയും പറയും. ഞാന്‍ ജീവിച്ചിരിക്കുന്ന സമയത്ത് ഉണ്ടായില്ലെങ്കിലും എനിക്ക് ശേഷം തീര്‍ച്ചയായും ഹിജാബ് ധരിക്കുന്ന ഒരു മുസ്‌ലിം വനിത ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. ഇത് ഞാന്‍ മുമ്പ് പറഞ്ഞപ്പോള്‍ പലര്‍ക്കും വയറുവേദനയും തലവേദനയുമൊക്കെ ഉണ്ടായിരുന്നു, ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല,” അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.

അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സംഭവത്തിന്മേലുള്ള കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാന്‍ശു ധൂലിയയും ഭിന്ന വിധികള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു കേസുകള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടത്.

വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ആയിരിക്കും തീരുമാനിക്കുക.

ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ ജസ്റ്റിസ് ഗുപ്ത തള്ളിയപ്പോള്‍ ജസ്റ്റിസ് ധൂലിയ ഹൈക്കോടതി വിധി റദ്ദാക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ഹിജാബ് മതപരമായി അനിവാര്യമാണോ അല്ലയോ എന്ന വിഷയത്തിലേക്ക് (essential religious practice) കടക്കേണ്ട ആവശ്യമില്ലെന്നും തെറ്റായ ദിശയിലൂടെയാണ് കര്‍ണാടക കോടതി ഈ വിഷയത്തെ സമീപിച്ചതെന്നുമാണ് ജസ്റ്റിസ് ധൂലിയ തന്റെ വിധിയില്‍ പറഞ്ഞത്.

Content Highlight: Asaduddin Owaisi says hijab wearing Muslim woman will become the PM of India someday

We use cookies to give you the best possible experience. Learn more