| Tuesday, 18th June 2019, 2:32 pm

അസദുദ്ദീന്‍ ഉവൈസി സത്യപ്രതിജ്ഞ ചെയ്യവേ ജയ് ശ്രീറാം വിളിച്ച് ബി.ജെ.പി എം.പിമാര്‍; ജയ് ഭീം-ജയ് മീം വിളിച്ച് ഉവൈസിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവായ അസദുദ്ദീന്‍ ഉവൈസി സത്യപ്രതിജ്ഞ ചെയ്യവേ ജയ് ശ്രീറാം മുദ്രാവാക്യം വിളിയുമായി പാര്‍ലമെന്റില്‍ ബി.ജെ.പി എം.പിമാര്‍. ഉവൈസിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതിനു പിന്നാലെ അദ്ദേഹം മുന്നോട്ടേക്ക് കടന്നുവന്നുകൊണ്ടിരിക്കെയാണ് എം.പിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചത്.

തുടര്‍ന്ന് സത്യവാചകം ചൊല്ലിയ ഉവൈസി ‘ജയ് ഭീം-ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്’ എന്നു പറഞ്ഞുകൊണ്ടാണ് പ്രതിജ്ഞ അവസാനിപ്പിച്ചത്.

‘എന്നെ കാണുമ്പോള്‍ അവര്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. മുസാഫിര്‍പൂരിലെ കുട്ടികളുടെ മരണവും ഭരണഘടനയുമൊക്കെ അവര്‍ ഓര്‍ക്കുമെന്നും ഞാന്‍ കരുതുന്നു.’ അദ്ദേഹം പറഞ്ഞു.

17ാം ലോക്‌സഭയുടെ ആദ്യ ദിവസം കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്യവേ ബി.ജെ.പി അംഗങ്ങള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചിരുന്നു.

ഇതിനെതിരെ അമരാവതിയില്‍ നിന്നുള്ള എം.പി നവനീത് റാണ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ‘ ജയ് ശ്രീറാം വിളിക്കേണ്ട സ്ഥലം ഇതല്ല. അതിനു ക്ഷേത്രങ്ങളുണ്ട്. എല്ലാ ദൈവങ്ങളും ഒരേപോലെയാണ്. ആരെയെങ്കിലും വേട്ടയാടാനായി ആ പേര് ഉപയോഗിക്കുന്നത് തെറ്റാണ്.’ എന്നായിരുന്നു നവനീത് റാണ പറഞ്ഞത്.

We use cookies to give you the best possible experience. Learn more