| Tuesday, 24th November 2020, 12:42 pm

തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ മത്സരിക്കും; ഡി.എം.കെയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമവുമായി എ.ഐ.എം.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 30 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എം തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ വക്കീല്‍ അഹമ്മദ്. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഡി.എം.കെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകനുമായി കഴിഞ്ഞ രണ്ട് മാസമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷെ അവര്‍ ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

ഡി.എം.കെ സഖ്യത്തില്‍ മത്സരിക്കണമെന്നാണ് തങ്ങളുടെ താത്പര്യം. എന്നാല്‍ ഡി.എം.കെ അനുകൂല നിലപാട് എടുക്കുന്നില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് 30 സീറ്റുകളിലെങ്കിലും മത്സരിക്കാന്‍ എ.ഐ.എം.ഐ.എം നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ഇപ്പോള്‍ ഹൈദരാബാദിലാണെന്നും പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയുമായി തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിഷയം സംസാരിക്കുമെന്നും അഹമ്മദ് വ്യക്തമാക്കി. ഉവൈസിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

2015ലെ തെരഞ്ഞെടുപ്പില്‍ വെല്ലൂരിനടുത്തുള്ള വാണിയമ്പാടി നിയമസഭ മണ്ഡലത്തില്‍ നിന്ന് എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിച്ചിരുന്നെന്നും അന്ന് പതിനായിരത്തോളം വോട്ടുകള്‍ തനിക്ക് നേടാനായെന്നും അഹമ്മദ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ എല്ലാ മുസ്‌ലിങ്ങളെയും ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ ആളുകള്‍ക്ക് വന്ന് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സമുദായങ്ങളും ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ എന്തുകൊണ്ട് മുസ്‌ലിം സമുദായത്തിനും അത്തരത്തില്‍ ഒരു നേതാവിനെ ഉയര്‍ത്തിക്കാണിച്ചുകൂട എന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പിയുടെ അജണ്ടയാണ് എ.ഐ.എം.ഐ.എം നടപ്പാക്കുമെന്നതാണ് ആരോപണവും അഹമ്മദ് തള്ളി. ഇത് കോണ്‍ഗ്രസ് നടത്തുന്ന ദുഷ് പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡി.എം.കെയുമായുള്ള ഒരു സഖ്യം രൂപീകരിക്കപ്പെടുകയാണെങ്കില്‍ അതിന് സമാനമായ രാഷ്ട്രീയ നിലപാടുകളുള്ള കക്ഷികളുമായി ചേര്‍ന്ന് ഒരു മൂന്നാം മുന്നണി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asaduddin Owaisi’s AIMIM plans to Contest 30 seats in the upcoming election in Tamilnadu

We use cookies to give you the best possible experience. Learn more