| Friday, 21st April 2023, 8:05 am

നിങ്ങള്‍ തന്നെയാണ് സാക്ഷിയും വക്കീലും, നിങ്ങള്‍ക്ക് ആരെയും കൊല്ലാം; നരോദ ഗാം കൂട്ടക്കൊല വിധിയില്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യ സമയത്ത് നടന്ന നരോദ ഗാം കൂട്ടക്കൊലയിലെ പ്രതികളെ വെറുതെ വിട്ട കേസില്‍ പ്രതികരണവുമായി ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലീമിന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഉറുദു കവിയായ രഹത് ഇന്‍ഡോരിയുടെ കവിതയിലെ വരികള്‍ ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു ഉവൈസിയുടെ പ്രതികരണം.

‘നിങ്ങള്‍ പോകുന്ന എല്ലായിടത്തും ഒരു പുകമറ അവശേഷിപ്പിക്കുന്നു. നിങ്ങള്‍ പോകുന്ന എല്ലായിടത്തും കലാപങ്ങള്‍ സൃഷ്ടിക്കുന്നു. ഭൂമിയില്‍ വീണ രക്തത്തിന്റെ പേരിലുള്ള കേസില്‍ വിചാരണയില്ലാതെ രക്ഷപ്പെടാനുള്ള അവകാശം രാഷ്ട്രീയം നിങ്ങള്‍ക്ക് നല്‍കുന്നു. നിങ്ങള്‍ തന്നെയാണ് കേസ് വാദിക്കുന്നത്, നിങ്ങള്‍ തന്നെയാണ് സാക്ഷി, നിങ്ങള്‍ തന്നെയാണ് വക്കീലും. നിങ്ങള്‍ക്ക് ആരെയും ചീത്ത വിളിക്കാം, നിങ്ങള്‍ക്ക് ആരെയും കൊല്ലാം,’ ഉവൈസി ട്വിറ്ററില്‍ കുറിച്ചു.

നരോദ ഗാം കൂട്ടക്കൊലക്കേസില്‍ ബി.ജെ.പി മുന്‍ മന്ത്രി മായ കോട്‌നാനി, ബജ്‌രംഗ്ദള്‍ നേതാവായിരുന്ന ബാബു ബജ്‌റംഗി എന്നിവരുള്‍പ്പെടെ 68 പ്രതികളെ കഴിഞ്ഞ ദിവസം ഗുജറാത്തിലെ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.

28 വര്‍ഷം ജീവപര്യന്തം തടവിന് ശിക്ഷിച്ച 2012ലെ വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സ്പെഷ്യല്‍ കോടതി വിധി പ്രഖ്യാപിച്ചത്. കോടതി വിധിയെ ജയ് ശ്രീ റാം വിളികളോടെയാണ് പ്രതികളുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂട്ടക്കൊല നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചിരുന്നത്. വിചാരണ വേളയില്‍ 18 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെ മായ കോട്നാനിയുടെ നേതൃത്വത്തിലുള്ള അക്രമികള്‍ നരോദ ഗാമില്‍ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നായിരുന്നു കേസ്. 13 വര്‍ഷത്തിനിടെ ആറു ജഡ്ജിമാരാണ് കേസില്‍ വാദം കേട്ടത്. 187 സാക്ഷികളെയും 57 ദൃക്സാക്ഷികളെയും കേസില്‍ വിസ്തരിച്ചിരുന്നു.

Content Highlights: Asaduddin Owaisi  responds on narodagam massaccre verdict

We use cookies to give you the best possible experience. Learn more