ഇന്ത്യയിലെ 17 കോടി മുസ്‌ലിങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമം; സി.എ.എക്കെതിരെ ഉവൈസി സുപ്രീം കോടതിയില്‍
India
ഇന്ത്യയിലെ 17 കോടി മുസ്‌ലിങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമം; സി.എ.എക്കെതിരെ ഉവൈസി സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th March 2024, 1:20 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി സുപ്രീം കോടതിയെ സമീപിച്ചു. ശനിയാഴ്ചയാണ് ഉവൈസി സുപ്രീം കോടതിയെ സമീപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകാനുള്ള തീരുമാനത്തിന് താൻ എതിരല്ലെന്നും എന്നാല്‍ അത് മതത്തെ അടിസ്ഥാനമാക്കി ആയിരിക്കരുതെന്നും ഉവൈസി ഹരജിയില്‍ ചൂണ്ടിക്കാട്ടി.

എന്‍.ആര്‍.സി നടപ്പിലാക്കുക വഴി രാജ്യത്തെ 17 കോടി മുസ്‌ലിങ്ങളെ രാജ്യമില്ലാത്തവരാക്കി മാറ്റാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സി.എ.എക്കെതിരെ രാജ്യത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഉവൈസിയും ഹരജി സമര്‍പ്പിച്ചത്.

സി.എ.എ നടപ്പാക്കുന്നതിനെതിരെ ഉവൈസി ശനിയാഴ്ചയും പ്രതികരിച്ചിരുന്നു. നിയമം നടപ്പാക്കിയാല്‍ അസമില്‍ പൗരത്വ രജിസ്‌ട്രേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഒന്നര ലക്ഷം മുസ്‌ലിംകളുടെ ഗതി എന്താകുമെന്ന് അദ്ദേഹം ചോദിച്ചു.

‘സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ആര്‍.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ12 ലക്ഷം ഹിന്ദുക്കള്‍ക്ക് സി.എ.എ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. എന്നാല്‍ അസമിലെ ഒന്നര ലക്ഷം മുസ്‌ലിങ്ങളുടെ കാര്യമോ?. പെട്ടെന്ന് ഒരു നടപടിയും എടുക്കില്ലെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍,’ ഉവൈസി പറഞ്ഞു.

2019ലാണ് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. സി.എ.എ നിയമം ചോദ്യം ചെയ്ത് കൊണ്ട് 2019 മുതല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാ ഹരജികളും മാര്‍ച്ച് 19ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

Content Highlight: Asaduddin Owaisi requests Supreme Court to pause CAA