| Monday, 5th July 2021, 3:57 pm

പേര് നോക്കി ആളെ കൊല്ലുന്ന ക്രിമിനലുകള്‍; സംരക്ഷിക്കുന്നത് ഈ ഹിന്ദുത്വ സര്‍ക്കാര്‍; മോഹന്‍ ഭാഗവതിന് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണെന്ന ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ക്രിമിനലുകളാണ്. പക്ഷെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ അവരുടെ പേര് നോക്കി കൊല്ലാനറിയുന്നവരാണ് ഇവര്‍. ഇവരെയാണ് ഹിന്ദുത്വ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്.

‘ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണെന്നാണ് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ഈ ക്രിമിനലുകള്‍ പശുവും എരുമയും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്തവരാണ്. പക്ഷെ ജുനൈദ്, അഖ്‌ലാഖ്, പെഹ്‌ലു, രക്ബര്‍, അലിമുദ്ദീന്‍ തുടങ്ങിയ പേരുകളുള്ളവരെ തെരഞ്ഞെടുപിടിച്ച് കൊല്ലാനറിയാം,’ ഉവൈസി ട്വീറ്റ് ചെയ്തു.

ഈ ക്രിമിനലുകള്‍ക്ക് ഹിന്ദുത്വ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ‘ഗോ രക്ഷകര്‍’ എന്നും മറ്റും പറഞ്ഞ് മുസ്‌ലിങ്ങള്‍ക്ക് നേരെ വലിയ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. 2015ല്‍ മുഹമ്മദ് അഖ്‌ലാഖ്, 2017ല്‍ പെഹ്‌ലു ഖാന്‍, 2018ല്‍ അലിമുദ്ദീന്‍ എന്നിവരുടെ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉവൈസിയുടെ പ്രതികരണം.

അലമുദ്ദീന്റെ കൊലയാളികളെ കേന്ദ്രമന്ത്രി മാലയണിയിക്കുന്നു. അഖ്‌ലാഖിന്റെ കൊലയാളികളെ ത്രിവര്‍ണ പതാക പുതപ്പിക്കുന്നു, ആസിഫിന്റെ കൊലയാളികളെ പിന്തുണച്ച് മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ക്കുന്നു- ഈ കൊലയാളികള്‍ക്കൊക്കെ ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് ഉവൈസി പറയുന്നു.

ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദു അല്ലെന്നായിരുന്നു ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ആര്‍.എസ്.എസിന് കീഴിലെ മുസ്‌ലിം സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആള്‍ക്കൂട്ടകൊലപാതകം പോലുള്ള സംഭവങ്ങള്‍ ഹിന്ദുത്വയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘മുസ്‌ലിം ഇവിടെ ജീവിക്കരുതെന്ന് ഒരു ഹിന്ദു പറഞ്ഞാല്‍ ആ വ്യക്തി പിന്നെ ഒരു ഹിന്ദുവല്ല. പശു ഒരു വിശുദ്ധ മൃഗമാണ്. പക്ഷെ മറ്റുള്ളവരെ ആള്‍ക്കൂട്ടക്കൊല ചെയ്യുന്നവര്‍ ഹിന്ദുത്വയ്ക്ക് എതിരാണ്. ഒരു അനുകമ്പയുമില്ലാതെ ഇവര്‍ക്കെതിരായ നിയമനടപടികള്‍ തുടരണം,’ മോഹന്‍ ഭാഗവത് പറഞ്ഞു.

മതത്തിനപ്പുറം ഇന്ത്യക്കാരുടെയെല്ലാം ഡി.എന്‍.എ. ഒന്നാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Asaduddin Owaisi reply to Mohan Bhagwat

We use cookies to give you the best possible experience. Learn more