| Tuesday, 17th March 2020, 2:00 pm

'ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ'; ജഡ്ജിമാരെ ജനം എങ്ങനെ വിശ്വസിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണോ എന്നാണ് ഉവൈസി ഉന്നയിക്കുന്ന ചോദ്യം.

ഇത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണോ? ഇങ്ങനെയാണെങ്കില്‍ ജഡ്ജിമാരുടെ പ്രവര്‍ത്ത സ്വാതന്ത്ര്യത്തിനുമേല്‍ ജനങ്ങള്‍ക്ക് എങ്ങനെയാണ് വിശ്വാസമുണ്ടാകുക എന്നും ഉവൈസി ചോദിച്ചു.

ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രംഗത്തെത്തി. മുന്‍ ജസ്റ്റിസ് എച്ച്.ആര്‍ ഖന്നയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൊഗോയിയുടേതുമായി ഉണ്ടായിരുന്ന വ്യത്യാസങ്ങള്‍ എടുത്തുപറഞ്ഞാണ് കപില്‍ സിബലിന്റെ ട്വീറ്റ്.

ഖന്ന അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും സര്‍ക്കാരിന് വേണ്ടി നിലകൊണ്ടതിന്റെയും നിയമത്തെ മുറുകെ പിടിച്ചതിന്റെയും പേരിലായിരിക്കും ഓര്‍മ്മിക്കപ്പെടുക. എന്നാല്‍ ഗൊഗോയ് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെയും അതിന്റെ അരിക് ചേര്‍ന്ന് നിന്നതിന്റെയും ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെയും പേരില്‍ അറിയപ്പെടുമെന്നും കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

നീക്കത്തെ പരിഹസിച്ച് മുന്‍ ജഡ്ജ് മദന്‍ ബി ലോക്കൂറും രംഗത്തെത്തിയിരുന്നു. ഗൊഗോയിയുടെ നാമനിര്‍ദ്ദേശം അത്ഭുതപ്പെടുത്തുന്നില്ലെന്നും അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നും അദ്ദേഹം ചോദിച്ചു.

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more