പതിറ്റാണ്ടുകളോളം പോരാടിയത് ഈ അഞ്ചേക്കർ മണ്ണിനു വേണ്ടിയോ?; ഉവൈസിയുടെ പത്രസമ്മേളനത്തിന്റെ പൂർണരൂപം
national news
പതിറ്റാണ്ടുകളോളം പോരാടിയത് ഈ അഞ്ചേക്കർ മണ്ണിനു വേണ്ടിയോ?; ഉവൈസിയുടെ പത്രസമ്മേളനത്തിന്റെ പൂർണരൂപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2019, 3:10 pm

എന്നെയും എന്റെ പാർട്ടിയെയും ബംബന്ധിച്ചിടത്തോളം ഞങ്ങൾ നിലപാട് വ്യക്തമാക്കിയതാണ്.  മുസ്‌ലിങ്ങൾക്ക് ആ അഞ്ചേക്കർ വേണ്ട. നീതി കിട്ടാൻ വേണ്ടിയായിരുന്നു ഈ പോരാട്ടമൊക്കെയും. ബാബരിക്ക് മേലെയുള്ള നിയമവകാശത്തിനു വേണ്ടിയായിരുന്നു. നമ്മുടെ പോരാട്ടം ഈ ഭൂമി കിട്ടാൻ വേണ്ടി ആയിരുന്നില്ല.

ഞാൻ വീണ്ടും ആവർത്തിക്കുന്നു, അഞ്ചേക്കർ മണ്ണിനു വേണ്ടിയായിരുന്നു ഈ പോരാട്ടമെങ്കിൽ അതും വാങ്ങി നേരത്തെ  അവസാനിപ്പിക്കാമായിരുന്നല്ലോ. എത്രയൊക്കെ ദാരിദ്യ്രവും  ഭരണകൂട വിവേചനവും മുസ്‌ലിങ്ങൾക്കു മേൽ ഉണ്ടെങ്കിലും  യു.പി യിൽ തന്നെ എവിടെ വേണമെങ്കിലും ഒരു അഞ്ചു ഏക്കറിൽ പള്ളി പണിയാൻ ഇന്ത്യയിലെ മുസ്‌ലിങ്ങൾക്ക്  എപ്പോഴേ ആകാമായിരുന്നു.

നിയമാവകാശത്തിനു വേണ്ടിയായിരുന്നു പോരാട്ടമൊക്കെയും.  ബാബരിക്ക്  വേണ്ടി ആയിരിന്നു. ഞങ്ങൾക്കു ഈ സംഭാവന വേണ്ട. മറ്റുള്ളവർ ഇത് സ്വീകരിക്കുമ്പോൾ ഇസ്ലാമിക നിയമങ്ങളെക്കുറിച്ചു ഒരു മിനിമം ധാരണയെങ്കിലും ഉണ്ടാക്കുന്നത് നന്നായിരിക്കും. അവര് കുറച്ചു ഗവേഷണം നടത്തേണ്ടിയിരിക്കുന്നു.

1940 മുതലിങ്ങോട്ട്, ക്രിമിനൽ രീതിയിൽ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു. കിരാതവാഴ്ചയിൽ ഒരു പള്ളി തകർത്തു. എന്നിട്ടും ഈ അഞ്ചു ഏക്കർ കൊണ്ട് പരിഹരിക്കപ്പെടണമെന്നാണോ? ഒരിക്കലുമല്ല.
എന്നോട് വിധി സ്വീകരിക്കണമെന്ന് ആളുകൾ പറയുമ്പോൾ, നിങ്ങൾ എന്നെ നിന്ദിക്കുകയാണ്. എന്തിനാണ് നമ്മൾ പോരാടിയതെന്നു നിങ്ങൾക്കു ഒരു ബോധ്യവുമില്ല എന്നുള്ളതാണ്, വാസ്തവം.

നമ്മളെന്തിനാണ് ഇത്രയും  നാൾ ഇങ്ങനെ ക്ഷമിച്ചിരുന്നത്? ഈ മണ്ണിനു വേണ്ടിയായിരുന്നെങ്കിൽ  അത് നമുക്ക് എന്നേ കിട്ടിയേനെ. കഴിഞ്ഞ 50 വർഷമായി നമ്മൾ പോരാടുകയായിരുന്നില്ലേ? ന്യൂനപക്ഷങ്ങൾക്കു സാധ്യമാകുന്ന എല്ലാ വിധത്തിലും നമ്മൾ പോരാടി.

ധവാനെ പോലെയും, സിബലിനെ പോലുള്ളവർ വർഷങ്ങളായി വാദിച്ചത് ഈ അഞ്ചേക്കർ ഭൂമിക്ക് വേണ്ടി ആയിരുന്നോ? എന്തിനു വേണ്ടിയായിരുന്നു നമ്മൾ അവര്ക്ക് പിന്നാലെ പോയിക്കൊണ്ടിരുന്നത്? ഈ ദാനം കിട്ടിയ ഭൂമിക്കു വേണ്ടി ആയിരുന്നോ? ഒരിക്കലുമല്ല.

ഇവർക്ക് ഇതൊന്നും മനസിലാകുന്നില്ലേ? ഉണ്ടായ നീതി നിഷേധം ഇവർക്ക് അറിയില്ലേ? നീതി ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ അല്ലേ ഇത്രയും നാൾ പോരാടിയത്? ഇങ്ങനെ നിന്ദിക്കരുത്. പള്ളിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു, പള്ളിയായിരുന്നു തിരിച്ചു കിട്ടേണ്ടിയിരുന്നത്.

സ്വാന്തന്ത്യ്രത്തിനു തൊട്ടുടനെ അവിടെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു രണ്ടു വർഷത്തിന് ശേഷം പൂട്ടുകൾ തുറക്കപ്പെട്ടു. സുപ്രീം കോടതി പറഞ്ഞത് പോലെ പള്ളി തകർത്തെറിഞ്ഞു.  അമ്പലം പൊളിച്ചിട്ടാണ് പള്ളി പണിതതെന്ന ആർ.എസ്.എസ് വാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുന്നു. 1528 മുതൽക്കു ഒരു പള്ളിയിൽ പ്രാർത്ഥന നടത്തുകയും 1949 ആകുമ്പോൾ പള്ളിയിൽ കയറുന്നതു വിലക്കുകയും ചെയ്തു. ഇതിനു നീതി ഒരു കഷ്ണം ഭൂമി ആയിരുന്നോ ഇങ്ങനെ നിന്ദിക്കരുത്.

എന്നെയത് എത്രമാത്രം വേദനിപ്പിക്കുന്നുവെന്നു നിങ്ങള്ക്ക് ഊഹിക്കാൻ പോലുമാവില്ല. ബാബരിയോട് എത്രമാത്രം പ്രണയവുമുണ്ടായിരുന്നു എന്ന് നിങ്ങൾക്കു ഒരിക്കലും മനസിലാകില്ല. നിങ്ങൾ അഞ്ചു ഏക്കർ എടുത്തോളാൻ പറയുകയാണെകിൽ, ഇല്ല സാർ, നിങ്ങൾക്കു ഞങ്ങൾ കടന്നുപോയ വേദന മനസിലാകില്ല. ഞങ്ങൾ എവിടുന്നാണ് വരുന്നതെന്നും നിങ്ങള്ക്ക് മനസിലാകില്ല. ഞങ്ങൾ എന്തുകൊണ്ട് ഇത്രമാത്രം ക്ഷമാലുക്കൾ ആയി എന്നെങ്കിലും നിങ്ങൾക്കു മനസിലായോ?

നിങ്ങൾക്കു എന്ത് വേണമെങ്കിലും എന്നെ വിളിക്കാം. നിങ്ങൾക്കു എന്തും പറയാം. ആ അവകാശത്തെ ഞാൻ സംരക്ഷിക്കും. എന്നാൽ നിങ്ങൾക്കു ഞങ്ങളുടെ ചോദ്യങ്ങളെ ഒരിക്കലും നിർത്താനാവില്ല. ഭരണ ഘടന അനുവദിക്കുന്നിടത്തോളം ഞങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. അതിൽ തെറ്റെന്താണ്?ആരെയെങ്കിലും സന്തോഷിപ്പിക്കുന്നതിന് വേണ്ടി മാത്രം എനിക്കെങ്ങനെ സംസാരിക്കാനാകും?

ഈ രാജ്യത്തെ ജനങ്ങളോട് എനിക്ക് കൈകൂപ്പി ഒരപേക്ഷയുണ്ട്, ദയവു ചെയ്തു നിങ്ങൾ മനസിലാക്കണം, ഈ രാജ്യം ഹിന്ദു രാഷ്ട്രത്തിന്റെ പാതയിലാണ്. ഇത് ഭൂരിപക്ഷ സമുദായത്തിന് പോലും നല്ലതല്ല. ഞാൻ ആവര്‍ത്തിക്കുകയാണ്. ദയവു ചെയ്തു മനസിലാക്കണം. ഒവൈസി ദേശദ്രോഹി ആണെന്നോ അക്രമിയാണെന്നോ എന്ത് വേണമെങ്കിലും പറഞ്ഞോളൂ, എല്ലാം ശെരിയാണ്. എനിക്കതിലൊന്നും യാതൊരു പ്രശ്നവുമില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങളുടെ നിലാപാടുകളെക്കുറിച്ചാണ് എന്റെ ആവലാതി. ഈ രാജ്യത്തെ മുസ്‌ലിങ്ങളെ രണ്ടാംകിട പൗരന്മാരായി മാറ്റികൊണ്ടിരിക്കുമ്പോൾ നിങ്ങൾ എന്ത് നിലപാടെടുക്കുന്നുവെന്ന് സ്വയം ആലോചിച്ചു നോക്കൂ. എന്‍.ആര്‍.സിയും പൗരത്വ ഭേദഗതി ബില്ലും ഒക്കെ വരും, നിങ്ങൾ എന്ത് സംസാരിക്കും? മതേതര പാർട്ടികൾ എന്നൊക്കെ പറയുന്നവർ എവിടെയാണ്? എന്തിനാണ് ഇങ്ങനെ മൗനം? ഈ മൗനം ഭഞ്ജിക്കുക തന്നെ വേണം. നിങ്ങളുടെ അജണ്ടയും ഭൂരിപക്ഷ പ്രീണന അജണ്ട തന്നെയാണ്. ഇന്ത്യയുടെ നാനാത്വത്തെ ശക്തിപ്പെടുത്താനുള്ള അജണ്ടയല്ല അത്.

ഞാൻ ഉയർത്തുന്ന മൂല്യങ്ങൾക്ക് വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ്. സുപ്രീം കോടതി “പരമോന്നതം ആണ്, എന്നാൽ തെറ്റ് പറ്റാത്തതല്ല” എന്ന് പറയുന്നതിൽ എന്താണ് നിയമവിരുദ്ധം? ഞങ്ങൾ ഭരണഘടനയെ മാനിക്കുന്നു, അതുയർത്തുന്ന മൂല്യങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുകതന്നെ ചെയ്യും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ