ഹൈദരബാദ്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ മുഴുവന്‍ വെറുതെവിട്ട സി.ബി.ഐ സ്‌പെഷ്യല്‍ കോടതി വിധിക്കെതിരെ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ദുഃഖകരമായ ദിവസമാണ് ഇന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
ലഖ്‌നൗ കോടതിവിധിക്കെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിഗത ബോര്‍ഡ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ തൃപ്തിപ്പെടുത്താന്‍ മാത്രമുള്ളതാണ് ഈ വിധിയെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
2019 നവംബര്‍ 9 ന് സുപ്രീംകോടതി വിധിന്യായത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തത് വ്യക്തമായ നിയമവിരുദ്ധമാണെന്നും നിയമവാഴ്ചയുടെ അതിരുകടന്ന ലംഘനമാണെന്നും ഉവൈസി പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് കോടതിക്ക് എങ്ങനെ പറയാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദ്രജാലം കൊണ്ടാണോ 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് എനിക്കറിയണമെന്നുണ്ട്. 1940 കളില്‍ മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ചതിന് പിന്നിലും രാജീവ് ഗാന്ധി ഭരിക്കുന്ന സമയത്ത് മസ്ജിദിന്റെ പൂട്ട് തുറന്നതിന് പിന്നിലും ഇതേ ഇന്ദ്രജാലമാണോ അദ്ദേഹം ചോദിച്ചു.
പള്ളി പൊളിച്ചുനീക്കാന്‍ എത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് പറയുന്നത്? ബാബരി മസ്ജിദ് പൊളിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ഉമാ ഭാരതി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിരുന്നുവെന്നത് ശരിയല്ലേ? പൊളിച്ചുമാറ്റിയതിനുശേഷം അദ്വാനി മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുവെന്നത് ശരിയല്ലേ? ‘ അദ്ദേഹം ചോദിച്ചു.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിവിധിക്കെതിരെ നേരത്തേയും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. 28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക