ന്യൂദൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) എം.പി അസദുദ്ദീൻ ഒവൈസി. വഖഫ് ഭേദഗതി ബിൽ മുസ്‌ലിങ്ങളുടെയും സമൂഹത്തിന്റെയും മൗലികാവകാശങ്ങളെ ധിക്കാരപൂർവ്വം ലംഘിക്കുന്നു എന്ന് വിമർശിച്ചാണ് അദ്ദേഹം ബില്ലിനെതിരെ സുപ്രീം കോടതിയിലേക്ക് നീങ്ങിയത്.
‘2025 ലെ വഖഫ് (ഭേദഗതി) ബില്ലിലെ വ്യവസ്ഥകൾ മുസ്‌ലിങ്ങളുടെയും മുസ്‌ലിം സമൂഹത്തിന്റെയും മൗലികാവകാശങ്ങളെ ധിക്കാരപൂർവ്വം ലംഘിക്കുന്നു,’ ഒവൈസി തന്റെ ഹരജിയിൽ വിമർശിച്ചു.
നേരത്തെ, വിവാദ ബില്ലിന്റെ സാധുത ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദ് സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു.
വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ബിൽ ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും അതുവഴി മുസ്‌ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്നും ജാവേദ് തന്റെ ഹരജിയിൽ പറഞ്ഞു.
ഏപ്രിൽ മൂന്നിന് ലോക്സഭയിൽ 288 അംഗങ്ങൾ അനുകൂലിച്ചും 232 അംഗങ്ങൾ എതിർത്തും വഖഫ് ഭേദഗതി പാസാക്കി. പിന്നാലെ രാജ്യസഭയിൽ 128 അംഗങ്ങൾ അനുകൂലിച്ചും 95 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തുകൊണ്ടും ബിൽ പാസാക്കിയിരുന്നു.
വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് തന്റെ പാർട്ടി ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും പ്രഖ്യാപിച്ചു.
‘വഖഫ് (ഭേദഗതി) ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത ഐ.എൻ.സി ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിക്കും. ഇന്ത്യൻ ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, സമ്പ്രദായങ്ങൾ എന്നിവയ്‌ക്കെതിരായ മോദി സർക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ ആത്മവിശ്വാസത്തോടെ ചെറുക്കും,’ ജയറാം രമേശ് എക്‌സിൽ കുറിച്ചു.
Content Highlight: Asaduddin Owaisi moves SC against Waqf Amendment Bill