ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന യു.എ.പി.എ ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് യു.എ.പി.എ ബില്ലെന്നും ജുഡീഷ്യല്‍ അവകാശങ്ങള്‍ക്കെതിരാണിതെന്നും അദ്ദേഹം പറഞ്ഞു.
‘ഏതെങ്കിലും ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ നിന്നും കടമെടുത്തതാണോ നിങ്ങളുടെ ദേശീയത? ഫെഡറല്‍ സംവിധാനത്തിന് എതിരാണിത്.’ എന്നും അദ്ദേഹം ചോദിച്ചു.
ഇത്തരം നിയമങ്ങള്‍ സൃഷ്ടിച്ചതിന് ഉവൈസി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘കോണ്‍ഗ്രസിനെയാണ് ഞാനിതിന് കുറ്റം പറയുക. ഇത്തരമൊരു നിയമം കൊണ്ടുവന്നതിനു പിന്നില്‍ അവരാണ്. സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ ഇത് അനുവദിക്കുന്നു. അപ്പോള്‍ എവിടെയാണ് നിതന്യായപരമായ പുനപരിശോധന? ഐ.പി.സി തന്നെ മതിയായതാണെന്നാണ് എന്റെ വിശ്വാസം. നേരത്തെ കോണ്‍ഗ്രസും ഇപ്പോള്‍ ബി.ജെ.പിയും മുസ്‌ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെയാണ് ഡ്രാക്കോണിയന്‍ നിയമങ്ങള്‍ ഉപയോഗിക്കാറുള്ളത്.’ എന്നും അദ്ദേഹം പറഞ്ഞു.
‘ ഈ നിയമപ്രകാരം ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്യണം. അപ്പോഴേ അവര്‍ക്കിതിന്റെ പ്രശ്‌നങ്ങള്‍ മനസിലാവൂ.’ അദ്ദേഹം പറഞ്ഞു. ഉവൈസിയുടെ ഈ പരാമര്‍ശത്തെ കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ ബി.ജെ.പിയില്‍ നിന്നും അദ്ദേഹത്തിന് പിന്തുണ ലഭിച്ചു.
സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്കും സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.
ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ എന്‍.ഐ.എയ്ക്ക് കണ്ടുകെട്ടാം. ഭീകരത കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളുവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബില്‍.