| Sunday, 29th November 2020, 11:36 am

ബി.ജെ.പിയുടെ കോപ്പ് കൂട്ടല്‍ കണ്ടാല്‍ തോന്നും പ്രധാനമന്ത്രി തെരഞ്ഞെടുപ്പെന്ന്; ട്രംപിനെ മാത്രമേ ഇനി വിളിക്കാനുള്ളൂ; പരിഹാസവുമായി ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ദേശീയ നേതാക്കളെ ഉള്‍പ്പെടെ നിരത്തി പ്രചരണം ശക്തമാക്കുന്ന ബി.ജെ.പിയെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ ഹൈദരാബാദ് ബി.ജെ.പിയിലെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനെയും അദ്ദേഹം പരിഹസിച്ചു. ഇനി കേവലം ഒരു മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് ഡൊണാള്‍ഡ് ട്രംപിനെ മാത്രമേ ബി.ജെ.പി ഇറക്കാന്‍ ബാക്കിയുള്ളൂവെന്നും ഉവൈസി പറഞ്ഞു.

ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു ഉവൈസിയുടെ പ്രതികരണം. ബി.ജെ.പിയുടെ നേതാക്കള്‍ പ്രചരണത്തിന് നല്‍കുന്ന പ്രാധാന്യം കണ്ടിട്ട് ഇതിപ്പോള്‍ ഒരു ഹൈദരാബാദ് തെരഞ്ഞെടുപ്പായി തോന്നുന്നില്ല.

” നരേന്ദ്രമോദിക്ക് പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതു പോലെയാണ് അവര്‍ പെരുമാറുന്നത്. ഇതെല്ലാം കണ്ടിട്ട് ഒരു കുട്ടി പറഞ്ഞത് അവര്‍ക്ക് ട്രംപിനെക്കൂടി വിളിക്കാമായിരുന്നു എന്നാണ്. അവന്‍ പറഞ്ഞത് ശരിയാണ്. ഇനി ട്രംപ് മാത്രമേ ബാക്കിയുള്ളൂ”, ഉവൈസി പറഞ്ഞു.

ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, തുടങ്ങിയവരെ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി ബി.ജെ.പി കൊണ്ടുവന്നിരുന്നു.

ഡിസംബര്‍ ഒന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുറാലികളില്‍ പങ്കെടുക്കും.

കഴിഞ്ഞ വ്യാഴാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയെക്കൂടി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുപ്പിച്ച് എത്ര സീറ്റ് നേടാന്‍ കഴിയുമെന്ന് പരിശോധിക്കൂ എന്ന് ഉവൈസി വെല്ലുവിളിച്ചിരുന്നു. ഇതിനിടെ വര്‍ഗീയ പ്രചരണങ്ങളുമായി ബി.ജെ.പി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.

തെലങ്കാനയിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ എം.പി ബണ്ഡി സഞ്ജയ് കുമാറിന്റെ പ്രസംഗമാണ് വിവാദത്തിലായത്.

ഹൈദരാബാദിലെ പരമ്പരാഗത പ്രദേശങ്ങളിലെ റോഹിങ്ക്യന്‍ മുസ്ലിങ്ങളെയും പാകിസ്താനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്നാണ് ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് വാഗ്ധാനം നല്‍കിയത്.റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും, പാകിസ്താനികളും, അഫ്ഗാനിസ്താനികളുമൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

അത്തരം തെരഞ്ഞെടുപ്പുകള്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രമേ നടക്കുകയുള്ളൂ.പാകിസ്താനില്‍ നിന്നുള്ള അനധികൃത വോട്ടര്‍മാരില്ലാതെയാണ് ജി.എച്ച്.എം.സി തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നുമാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: As If We’re Electing Prime Minister…”: Asaduddin Owaisi’s Dig At BJP

We use cookies to give you the best possible experience. Learn more