|

വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടെന്ന് പറയുന്ന 1000 റോഹിങ്ക്യകളുടെ പേരെങ്കിലും കാണിക്കമോ?; ബി.ജെ.പിയെ വെല്ലുവിളിച്ച് അസദുദ്ദീന്‍ ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. വോട്ടേഴ്‌സ് ലിസ്റ്റില്‍ 1000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പേരെങ്കിലും എടുത്ത് കാണിക്കാമോ എന്നാണ് ഒവൈസി ബി.ജെ.പിയോട് ചോദിച്ചിരിക്കുന്നത്.

വോട്ടര്‍ പട്ടികയില്‍ 40,000 ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പേരുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന ബി.ജെ.പി നേതാവിന്റെ വാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വോട്ടര്‍ പട്ടികയില്‍ 30,000 റോഹിങ്ക്യകളുടെ പേരുണ്ട് എന്ന് പറഞ്ഞിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ എന്താണ് ചെയ്യുന്നത്? അദ്ദേഹം ഉറങ്ങുകയാണോ? ഈ പറയുന്ന രീതിയില്‍ നാല്‍പതിനായിരം പേരുടെ പേരുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ടുവെന്ന് നോക്കേണ്ടത് അദ്ദേഹത്തിന്റെ ജോലിയല്ലേ? ഇനി ബി.ജെ.പി സത്യസന്ധരാണെങ്കില്‍ അത്തരത്തിലുള്ള 1000 പേരുടെ പേരെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളില്‍ കാണിച്ച് തരണം,” ഒവൈസി പറഞ്ഞു.

ബി.ജെ.പിയുടെ ഉദ്ദേശം വിദ്വേഷം പ്രചരിപ്പിക്കാലാണെന്നും ഈ യുദ്ധം ഹൈദരാബാദും ഭാഗ്യനഗറും തമ്മിലാണെന്നും ഒവൈസി പറഞ്ഞു. ആര് വിജയിക്കുമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞു.

ഞായറാഴ്ച മല്ലേപ്പള്ളിയിലും റെഡ് ഹില്‍സിലും നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഇതേ കാര്യം ഒവൈസി ചോദിച്ചിരുന്നു. നഗരത്തില്‍ റോഹിങ്ക്യകളുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇന്റലിജന്‍സ് ബ്യൂറോയും ആഭ്യന്തര മന്ത്രി അമിത് ഷായും മിണ്ടാതെ നില്‍ക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

കഴിഞ്ഞ ദിവസം ഒവൈസിക്കെതിരെ ബി.ജെ.പി നേതാവ് തേജസ്വി സൂര്യ രംഗത്തെത്തിയിരുന്നു. അസസുദ്ദീന്‍ ഒവൈസിയ്ക്ക് ചെയ്യുന്ന ഓരേ വോട്ടും ഇന്തയ്ക്കെതിരാണെന്നായിരുന്നു തേജസ്വി സൂര്യ പറഞ്ഞത്.

‘ഒവൈസിയും അദ്ദേഹത്തിന്റെ സഹോദരന്‍ അക്ബറുദ്ദിനും സാമുദായിക രാഷ്ട്രീയം കളിക്കുകയാണ്. റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ മാത്രമേ അവര്‍ അനുവദിക്കുന്നുള്ളു. മറ്റ് വികസനങ്ങള്‍ക്കൊന്നും അവര്‍ അനുവദിക്കുന്നില്ല. നിങ്ങള്‍ ഒവൈസിയ്ക്ക് വോട്ട് ചെയ്താല്‍ അദ്ദേഹം ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ മുസ്ലിം പ്രദേശങ്ങളില്‍ ശക്തി കാണിക്കും’, തേജസ്വി പറഞ്ഞു.

ഒവൈസി ജിന്നയുടെ പുതിയ അവതാരമാണെന്നും ഒവൈസിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയ്ക്ക് നല്‍കുന്ന ഓരോ വോട്ടും ഭാരതത്തിന് വേണ്ടിയുള്ളതാണ്. ഹിന്ദുത്വ രാജ്യം ശക്തമാക്കുന്നതിന് ആ വോട്ടുകള്‍ സഹായിക്കും. ഒവൈസിയ്ക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യയ്ക്ക് എതിരായ വോട്ടാണെന്ന് ഓര്‍ക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞു.

മുഹമ്മദലി ജിന്ന സംസാരിച്ച അതേ ഭാഷയാണ് ഒവൈസിയുടേതെന്നും കടുത്ത വിഘടനവാദവും തീവ്രവാദവും പറയുന്ന ആളാണ് ഒവൈസിയെന്നും തേജസ്വി ആരോപിച്ചിരുന്നു.

അക്ബറുദ്ദിനോടും ഒവൈസിയോടും ഒന്നേ പറയാനുള്ളു. ഹൈദരാബാദ് നൈസാം ഭരണത്തിലല്ല ഇപ്പോള്‍. ഇത് ഹിന്ദു ഹൃദ്യ സമ്രത് നരേന്ദ്ര മോദിയുടെ കാലമാണ്. നിങ്ങള്‍ ഇവിടെ ഒന്നുമല്ല എന്നും തേജസ്വി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asaduddin Owaisi challenges BJP in the election campaign in Hyderabad