|

ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍; തെലങ്കാന സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്ലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെലങ്കാന സര്‍ക്കാര്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഉവൈസി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ഉവൈസി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഈ രാജ്യം ഒരിക്കലും ഒരു പ്രത്യേക മതത്തിലധിഷ്ഠിതമല്ല.ഈ രാജ്യം എല്ലാവര്‍ക്കുമുള്ളതാണ്. എന്നാല്‍ എന്‍.പി.ആര്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരാണ്.’ ഉവൈസി പറഞ്ഞു.

ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ എന്‍.പി.ആര്‍ നടപ്പിലാക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയെന്നും ബില്ല് രാജ്യത്തെ ദരിദ്രര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും എതിരാണെന്നും ഒവൈസി പറഞ്ഞു. രാജ്യത്തെ മതേതരത്വം തകര്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്നും ഉവൈസി ആരോപിച്ചു.

നേരത്തെ തെലങ്കാനയില്‍ പൗരത്വഭേദഗതി നിമയത്തിനെതിരെ മന്ത്രിസഭാ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരുന്നു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിനെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയിരുന്നു എന്നാല്‍ കെ.ചന്ദ്രശേഖര്‍ റാവു ഇക്കാര്യത്തില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും കോണ്‍ഗ്രസ് ചോദ്യമുയര്‍ത്തിയിരുന്നു.

നേരത്തെ കേന്ദ്രം നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയപ്പോഴും ടി.ആര്‍.എസ് ഇതിനെ എതിര്‍ത്തിരുന്നില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ