Bihar Election 2020
ഉവൈസിയ്ക്ക് 15000 കോടി രൂപയുടെ സമ്പാദ്യം സംരക്ഷിക്കണം; മുസ്‌ലീങ്ങളെ ഭിന്നിപ്പിക്കുന്ന മറ്റൊരു ജിന്നയാണ് ഉവൈസിയെന്ന് ഉറുദു കവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 13, 02:55 pm
Friday, 13th November 2020, 8:25 pm

ലക്‌നൗ: എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി മറ്റൊരു മുഹമ്മദലി ജിന്നയാണെന്ന് ഉറുദു കവി മുന്നവര്‍ റാണ. ഉവൈസിയെപ്പോലുള്ള നേതാക്കള്‍ രാജ്യത്തെ മുസ്‌ലിങ്ങളെ ഭിന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റ് നേടിയതിന് പിന്നാലെയാണ് റാണയുടെ പ്രതികരണം. ബി.ജെ.പിയ്ക്ക് ഗുണപരമാകുന്ന തരത്തില്‍ മുസ്‌ലീങ്ങളുടെ വോട്ട് ഭിന്നിപ്പിക്കാനാണ് ഉവൈസി ശ്രമിക്കുന്നതെന്നും ബി.ജെ.പിയുടെ കളിപ്പാവയാണ് ഉവൈസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉവൈസിയ്ക്ക് അദ്ദേഹത്തിന്റെ 15000 കോടി രൂപയുടെ സമ്പാദ്യം സംരക്ഷിക്കണമെന്ന് താല്‍പ്പര്യം മാത്രമുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ഉവൈസിയും സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിയും മുസ്‌ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നടക്കുന്ന ഗുണ്ടകളാണ്.’, റാണ പറഞ്ഞു.

ബീഹാറില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചത് വഴി എന്ത് ക്ഷേമവും നീതിയുമാണ് ഉവൈസി മുസ്‌ലീങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. യു.പിയും ബീഹാറും ഉവൈസിയ്ക്ക് കറവയുള്ള പശുവിനെ പോലെയാണെന്നും റാണ പറഞ്ഞു.

കഴിഞ്ഞ 42 വര്‍ഷമായി ഉവൈസിയെ തനിക്കറിയാമെന്നും റാണ കൂട്ടിച്ചേര്‍ത്തു.

‘ മുസ്‌ലീം ഭൂരിപക്ഷമുള്ള സീമാഞ്ചല്‍ പോലുള്ള പ്രദേശത്ത് തേജസ്വി യാദവ് നയിച്ച മഹാസഖ്യത്തിനൊപ്പമായിരുന്നു ഉവൈസി നില്‍ക്കേണ്ടിയിരുന്നത്. ആ സീറ്റുകളും വോട്ടുകളുണ് ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ചിത്രം മാറ്റിയത്’, റാണ പറഞ്ഞു.

ബീഹാറിന് ശേഷം ബംഗാളിലാണ് റാണ മുസ്‌ലീം വോട്ട് വിഭജിക്കാന്‍ കണ്ണുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2015 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് മുന്നവര്‍ റാണ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asaduddin Owaisi another Jinnah, divides Muslims: Urdu poet