ന്യൂഡൽഹി: എ.ഐ.എം.ഐ.എം പാർട്ടി അധ്യക്ഷനും ലോക്സഭാ എംപിയുമായ അസദുദ്ദിൻ ഉവൈസിയുടെ ദൽഹിയിലെ വസതിക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസം അഞ്ചോ ആറോ അംഗങ്ങളുള്ള ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിൽ ഇസ്രഈൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്യുകയായിരുന്നു.
ലോക്സഭയിൽ നിന്ന് ഉവൈസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഘം ആക്രമണം നടത്തിയത്.
സെൻട്രൽ ദൽഹിയിൽ സ്ഥിതി ചെയ്യുന്ന ഉവൈസിയുടെ 34 അശോക റോഡിലെ വസതിയിൽ സംഘം എത്തുകയും വീടിന്റെ പ്രവേശന കവാടത്തിലും മതിലിലും പോസ്റ്ററുകൾ ഒട്ടിക്കുകയുമായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് അക്രമികൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഉവൈസി തന്റെ സത്യപ്രതിജ്ഞ വേളയിൽ ‘ജയ് ഫലസ്തീൻ’ എന്ന് വിളിച്ചതിന് പിന്നാലെയായിരുന്നു വസതിക്ക് നേരെ ആക്രമണം ഉണ്ടായത്.
തന്റെ എക്‌സിലൂടെ ഉവൈസി തന്നെയാണ് വിവരം എല്ലാവരെയും അറിയിച്ചത്.
‘ ചില അക്രമികൾ ഇന്ന് എന്റെ വീട് നേരെ കറുത്ത മഷി ഒഴിച്ചു. എന്റെ വസതിക്ക് നേരെ നടന്ന ആക്രമണങ്ങളുടെ എണ്ണം എത്രയാണെന്ന് എനിക്ക് പോലും അറിയില്ല. ഇത്തരം വിഷയങ്ങളിൽ എന്താണ് പറയാൻ ഉള്ളതെന്ന് ഞാൻ ദൽഹി പൊലീസിനോട് ചോദിച്ചപ്പോൾ അവർ നിസ്സഹായത ആയിരുന്നു മറുപടി. എം.പി മാർക്ക് സുരക്ഷ നൽകാൻ സാധിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്,’ അദ്ദേഹം കുറിച്ചു.
അതോടൊപ്പം ഇത്തരം തന്ത്രങ്ങൾ കൊണ്ട് തന്നെ ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്റെ വീടിനെ ലക്ഷ്യം വെക്കുന്ന ഗുണ്ടകളോട് എനിക്കൊന്നേ പറയാനുള്ളു ഇതൊന്നും എന്നെ ഭയപ്പെടുത്തില്ല. സവർക്കറിനെ പോലെ ഭീരു ആവാതിരിക്കു. എന്നെ നേരിടാൻ നിങ്ങളാദ്യം മനുഷ്യരാകു. കുറച്ച് മഷി എറിഞ്ഞോ കല്ലെറിഞ്ഞോ ഓടി പോകരുത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Asaduddin Owaisi alleges ‘unknown miscreants’ vandalised his Delhi residence with black ink