| Sunday, 16th April 2023, 8:23 am

മതം നോക്കിയാണ് ബി.ജെ.പി ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തുന്നത്; ജുനൈദിനെയും നാസിറിനെയും കൊന്നവരെ വെടിവെച്ച് കൊല്ലാന്‍ യോഗി തയ്യാറാകുമോ: ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: യു.പിയില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ എം.പിയും ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

മതം നോക്കിയാണ് യോഗിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ എന്‍കൗണ്ടര്‍ കില്ലിങ്ങുകള്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നും ജുനൈദിനെയും നാസിറിനെയും കൊന്ന ഹിന്ദുത്വ പ്രവര്‍ത്തകരെയും ഇതുപോലെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

നിസാമാബാദില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു അദ്ദേഹം ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് ജുനൈദിനെയും നാസിറിനെയും കൊന്നവരെയും ഇതുപോലെ എന്‍കൗണ്ടര്‍ ചെയ്യാന്‍ ബി.ജെ.പി തയ്യാറാകുമോ? ഇല്ല, കാരണം മതം നോക്കിയാണ് ബി.ജെ.പി ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തുന്നത്. എന്‍കൗണ്ടര്‍ ചെയ്ത് ആളുകളെ കൊല്ലാനാണെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ കോടതികളും നിയമങ്ങളും ഉള്ളത്. സി.ആര്‍.പി.സിയും ജഡ്ജിമാരും പിന്നെ എന്തിനാണ്. നിയമം നിങ്ങള്‍ക്ക് തന്നെ കയ്യിലെടുക്കാമെങ്കില്‍ പിന്നെ എന്തിനാണ് ഭരണഘടന.

ആരെങ്കിലും തെറ്റ് ചെയ്താല്‍ അവരെ ജയിലിലടക്കുന്നതിന് പകരം രാജ്യത്ത് ബുള്‍ഡോസര്‍ രാഷ്ട്രീയം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നീതി ന്യായ വ്യവസ്ഥയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ഭരണഘടനയാണിവിടെ എന്‍കൗണ്ടര്‍ ചെയ്യപ്പെട്ടത്,’ ഉവൈസി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രയാഗ് രാജ് മെഡിക്കല്‍ കോളേജില്‍ പരിശോധനക്ക് കൊണ്ടുപോകുന്നതിനിടെയാണ് യു.പിയിലെ മുന്‍ എം.പിയും ഗുണ്ടാ തലവനുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും മൂന്നംഗ സംഘം വെടിവെച്ച് കൊന്നത്. രണ്ട് ദിവസം മുമ്പ് ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആതിഖ് അഹമ്മദിന്റെ മകന്‍ ആസദിനെ യു.പി പൊലീസിന്റെ ദൗത്യ സംഘം വധിച്ചിരുന്നു.

ഇതിന് പന്നാലെയാണ് ദുരൂഹ സാഹചര്യത്തില്‍ ആതിഖും കൊല്ലപ്പെടുന്നത്. മാധ്യമങ്ങള്‍ക്ക് നടുവില്‍ പൊലീസിന്റെ കനത്ത സുരക്ഷ വലയത്തിനുള്ളില്‍ വെച്ചാണ് ഇരുവര്‍ക്ക് നേരെയും അക്രമികള്‍ വെടിവെച്ചത്. അക്രമി സംഘം പ്രയാഗ് രാജിന് പുറത്ത് നിന്നെത്തിയവരാണെന്നും മൂവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

Content Highlight: Asadhudhin uwaisi on atiq ahammad killing

We use cookies to give you the best possible experience. Learn more