| Friday, 21st April 2023, 6:12 pm

ആതിഖിനെ കൊന്നത് ഗോഡ്‌സെയുടെ പിന്‍ഗാമികള്‍; എന്തുകൊണ്ടാണ് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താത്തത്: അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ എം.പിയുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവെച്ച് കൊന്ന പ്രതികള്‍ ഗോഡ്‌സെയുടെ പിന്‍ഗാമികളാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി.

പൊലീസ് നോക്കി നില്‍ക്കെ അത്യാധുനിക തോക്കുകളുമായി ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കെതിരെ എന്തുകൊണ്ടാണ് യോഗി സര്‍ക്കാര്‍ ഇതുവരെ യു.എ.പി.എ ചുമത്താത്തതെന്നും ഉവൈസി ചോദിച്ചു. ഹൈദരാബാദില്‍ നടത്തിയ പാര്‍ട്ടി മീറ്റിങ്ങിലായിരുന്നു ഉവൈസിയുടെ പരാമര്‍ശം.

ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം യു.പിയില്‍ ക്രമസമാധാന നില തകരുകയാണെന്ന് പറഞ്ഞ ഉവൈസി സംസ്ഥാനത്ത് തോക്കിന്റെ മുനയിലാണ് ഭരണം നടക്കുന്നതെന്നും ആരോപിച്ചു. അക്രമികള്‍ക്ക് എവിടെ നിന്നാണ് അത്യാധുനിക തോക്കുകള്‍ ലഭിച്ചതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘പൊലീസിന്റെ കനത്ത സുരക്ഷക്കുള്ളിലാണ് ആതിഖും, അഷ്റഫും കൊല്ലപ്പെട്ടത്. ഗോഡ്‌സെയുടെ പാത പിന്‍പറ്റുന്ന തീവ്രവാദികളാണവരെ കൊന്നത്. അവരിനിയും ഈ രാജ്യത്ത് കൊലപാതകങ്ങള്‍ നടത്തും. എന്തുകൊണ്ടാണ് പ്രതികള്‍ക്ക് മേല്‍ യു.പി സര്‍ക്കാര്‍ യു.എ.പി.എ ചുമത്താത്തത്.

ആരാണവര്‍ക്ക് തോക്ക് നല്‍കിയത് അത്യാധുനിക സംവിധാനമുള്ള ഓട്ടോമാറ്റിക് തോക്കുകളാണ് അക്രമികളുടെ കൈവശമുണ്ടായിരുന്നത്. എട്ട് ലക്ഷം വില വരുന്ന തോക്കാണ് പിടിച്ചെടുത്തതെന്നാണ് പൊലീസ് പറയുന്നത്. അതവര്‍ക്ക് എവിടെ നിന്ന് കിട്ടി? ഇപ്പോള്‍ തന്നെ അവരെ തടഞ്ഞില്ലെങ്കില്‍ ഇവിടെ കൂടുതല്‍ കൊലപാതകങ്ങളുണ്ടാകും,’ ഉവൈസി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സമാജ് വാദി പാര്‍ട്ടി നേതാവും ഗുണ്ടാ തലവനുമായിരുന്ന ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ച് കൊന്ന കേസില്‍ മൂന്ന് പ്രതികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സംരക്ഷണത്തില്‍ പ്രയാഗ് രാജ് ആശുപത്രിയില്‍ പരിശോധനക്ക് കൊണ്ട് പോകവെയാണ് ഇരുവര്‍ക്ക് നേരെയും വെടിവെപ്പുണ്ടായത്.

അക്രമികള്‍ വെടിവെപ്പിനിടയില്‍ ജയ് ശ്രീ റാം മുഴക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് യു.പി പൊലീസിനെതിരെയും യോഗി സര്‍ക്കാരിനെതിരെയും വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. എന്‍കൗണ്ടര്‍ കൊലപാതകങ്ങളും വെടിവെപ്പുകളും തുടര്‍ക്കഥയാവുന്ന യു.പിയിലെ ക്രമ സമാധാന നില തകര്‍ന്നെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. ആതിഖിന്റെ കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബി.എസ്.പി നേതാവ് മായാവതിയും പറഞ്ഞിരുന്നു.

കേസില്‍ ഇതുവരെ യു.എ.പി.എ ചുമത്താത്തത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. അതിനിടെ പ്രതികള്‍ക്ക് സംഘപരിവാര്‍ ബന്ധമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Content Highlight: Asadhudhin uvaisi slams yogoi adithyanath on atiq ahammad killing

We use cookies to give you the best possible experience. Learn more