| Monday, 6th January 2020, 1:08 pm

'ഭീരുക്കളെപോലെ മുഖം മൂടിയെത്തിയവര്‍ക്ക് അധികാരികളുടെ പിന്തുണയുണ്ടായിരുന്നു'; ആ വീഡിയോ ദൃശ്യങ്ങള്‍ ഗൗരവമേറിയതെന്നും അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ ഇന്നലെ രാത്രി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി.

സംഭവത്തില്‍ അക്രമികള്‍ക്ക് എല്ലാ പിന്തുണയും അധികാരികള്‍ നല്‍കിയെന്നതില്‍ യാതൊരു സംശയവും ഇല്ലെന്ന് ഉവൈസി പറഞ്ഞു. അവര്‍ക്ക് സുരക്ഷിതമായി വഴിയൊരുക്കികൊടുക്കുന്ന പൊലീസിന്റെ ഒരു വീഡിയോ കണ്ടുവെന്നും അത് വളരെ ഗൗരവമായ കാര്യമെന്നും ഉവൈസി കൂട്ടി ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഈ ആക്രമണത്തില്‍ ഞാന്‍ അപലപിക്കുന്നു. ഈ ആളുകള്‍ക്ക് അക്രമം നടത്താന്‍ അനുമതി നല്‍കിയത് അധികാരികളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭീരുക്കളെപോലെ മുഖം മൂടിയ ഇവര്‍ക്ക് ജെ.എന്‍.യുവില്‍ ഇരുമ്പുദണ്ഡുകളും വടികളുമായി പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതില്‍ അത്യന്തം ഗൗരവമേറിയ കാര്യം ഇവര്‍ക്ക് സുരക്ഷിതമായി വഴിയൊരുക്കി കൊടുക്കുന്ന പൊലീസിന്റെ വീഡിയോ കാണാനിടയായി എന്നതാണ്.’ ഉവൈസി പറഞ്ഞു.

ഇന്നലെയായിരുന്നു ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി. ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു.

എന്നാല്‍ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ കേന്ദ്രആഭ്യമന്ത്രി അമിത്ഷാക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായി. ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സമ്പൂര്‍ണ്ണ പരാജയമാണെന്നും രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ ‘റിസൈന്‍ അമിത് ഷാ’ ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more