ഗ്യാന്‍വാപി വിഷയം കോടതി പരിഗണനയില്‍; യോഗി നടത്തിയത് ജുഡീഷ്യല്‍ കടന്നുകയറ്റം: അസദുദ്ദീന്‍ ഉവൈസി
national news
ഗ്യാന്‍വാപി വിഷയം കോടതി പരിഗണനയില്‍; യോഗി നടത്തിയത് ജുഡീഷ്യല്‍ കടന്നുകയറ്റം: അസദുദ്ദീന്‍ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2023, 7:48 pm

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദിനെ കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. യോഗിയുടെ പരാമര്‍ശം ജുഡീഷ്യല്‍ അതിക്രമമാണെന്ന് ഉവൈസി എ.എന്‍.ഐയോട് പറഞ്ഞു.

‘എ.എസ്.ഐ സര്‍വേയെ എതിര്‍ത്ത് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിധി വരുമെന്നും മുഖ്യമന്ത്രി യോഗിക്കറിയാം. എന്നിട്ടും അദ്ദേഹം ഇത്തരം അഭിപ്രായങ്ങള്‍ അദ്ദേഹം പറയുന്നത് ജുഡീഷ്യല്‍ കടന്നുകയറ്റമാണ്,’ ഉവൈസി പറഞ്ഞു.

ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാന്‍വാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിര്‍ത്തിയാല്‍ പ്രശ്നം അവസാനിക്കുമെന്നാണ് യോഗി ആദിത്യനാഥ് ഇന്ന് എ.എന്‍.ഐയോട് പറഞ്ഞത്.

‘മസ്ജിദ് എന്ന് പറഞ്ഞാല്‍ തര്‍ക്കമുണ്ടാകും. അത് നിര്‍ത്തായാല്‍ പ്രശ്‌നം പരിഹരിക്കാം. ഹിന്ദു ചിഹ്നമായ ത്രിശൂലം എന്താണ് പള്ളിക്കുള്ളില്‍ ചെയ്യുന്നത്. ഞങ്ങളാരും അത് അവിടെ കൊണ്ടുവെച്ചതല്ല’,’ അദ്ദേഹം പറഞ്ഞു.

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താനുള്ള അനുമതി വാരണാസി ജില്ലാ കോടതി നല്‍കിയിരുന്നു. മസ്ജിദ് നിര്‍മിച്ചിരിക്കുന്നത് ക്ഷേത്ര ഭൂമിയിലാണോയെന്നറിയാന്‍ പരിശോധന നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

തുടര്‍ന്ന് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ കഴിഞ്ഞ ബുധനാഴ്ച വരെ നിര്‍ത്തിവെക്കണമെന്ന് ജൂലൈ 26ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ വാരണാസി കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം പള്ളിക്കമ്മിറ്റിക്ക് ലഭിച്ചു.

തുടര്‍ന്നുള്ള വാദത്തില്‍ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന ശാസ്ത്രീയ സര്‍വേക്കുള്ള സ്റ്റേ വ്യാഴാഴ്ച വരെ നീട്ടി അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു.

content highlights: asadhudheen uwaisy against yogi adithyanath