| Tuesday, 11th April 2023, 11:19 pm

ജനസംഖ്യ ഉയരുന്നതല്ല ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന്റെ മാനദണ്ഡം; നിര്‍മല സീതാരാമനെതിരെ അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ മുസ്‌ലിങ്ങളെ പാകിസ്ഥാനിലെ മുസ്‌ലിങ്ങളുമായി താരതമ്യം ചെയ്ത കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശനത്തിനെതിരെ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. എത്രകാലം പാകിസ്ഥാനികളുമായി ഇന്ത്യയിലെ മുസ്‌ലിങ്ങളെ താരതമ്യം ചെയ്യുമെന്നും തങ്ങള്‍ പാകിസ്ഥാനെതിരെയുള്ള ബന്ദികളല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങളുള്ള രാജ്യമാണ് ഇന്ത്യയെന്നും ന്യൂനപക്ഷങ്ങള്‍ ക്രമാതീതമായി വളരുക മാത്രമല്ല, രാജ്യത്ത് അവരുടെ ബിസിനസുകള്‍ക്ക് വളര്‍ച്ചയുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. അതിന് മറുപടിയായി ട്വീറ്റ് പരമ്പര തന്നെയാണ് ഉവൈസി നടത്തിയത്.

‘ഞങ്ങള്‍ ഇന്ത്യയിലെ പൗരന്മാരാണ്. നീതിയോടും അന്തസോടെയും ഞങ്ങളോട് പെരുമാറണം. ജനസംഖ്യ ഉയരുന്നതും താഴുന്നതും ജനസംഖ്യാപരമായ ഘടകങ്ങളാണ്. അത് സര്‍ക്കാരിന്റെ പരോപകാരം കൊണ്ടല്ല. ജനസംഖ്യയില്‍ ഉയര്‍ച്ച കാണിക്കുന്നതല്ല ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന്റെ മാനദണ്ഡം.

മഹാരാഷ്ട്രയില്‍ മാത്രം 50 മുസ്‌ലിം വിരുദ്ധ റാലികള്‍ നടന്നിട്ടുണ്ട്. മുസ്‌ലിങ്ങള്‍ അതിക്രമങ്ങള്‍ നേരിടുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കുന്നില്ല. അതേസമയം അവര്‍ സര്‍ക്കാരില്‍ നിന്നുള്ള ബുള്‍ഡോസറുകളെയും വ്യാജ തടവിനെയും നേരിടുകയാണ്.

ഉയര്‍ന്ന ദാരിദ്ര്യം കാരണം മുസ്‌ലിങ്ങള്‍ വിദ്യാഭ്യാസത്തില്‍ പിന്നിലാണ്. മൗലാന ആസാദ് ഫെല്ലോഷിപ്പും ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീ ആന്‍ഡ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയിട്ടും ധനമന്ത്രി ഫെല്ലോഷിപ്പുകളെ കുറിച്ച് പറയുന്നത് തന്നെ ക്രൂരമായ തമാശയാണ്.

കര്‍ണാടകയില്‍ നിങ്ങളുടെ പാര്‍ട്ടി ഹിജാബിനെതിരെയും, മുസ്‌ലിം വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലെയും സംവരണത്തിനെതിരെ ക്യാംപയിനുകള്‍ എടുത്തുക്കൊണ്ടിരിക്കുകയാണ്.

ക്രമസമാധാനം സംസ്ഥാനങ്ങളില്‍ നില്‍ക്കുന്ന പ്രശ്‌നമാണെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങള്‍ ക്രൂരമായി അക്രമിക്കപ്പെടുന്നത്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ അക്രമത്തിന്റെ മുഖ്യ പ്രതികളെല്ലാം സംഘപരിവാര്‍ അനുകൂലികളാണ്.

അസമില്‍ മുസ്‌ലിങ്ങള്‍ കൈയേറ്റം എന്ന പേരില്‍ വന്‍തോതില്‍ കുടിയൊഴിപ്പിക്കപ്പെടുന്നു. തലസ്ഥാന നഗരത്തില്‍ പോലും മുസ്‌ലിങ്ങള്‍ക്കെതിരെ വംശഹത്യ മുദ്രാവാക്യങ്ങള്‍ ഉയരുന്നു. ബീഹാറിലും ഗുജറാത്തിലും മുസ്‌ലിങ്ങള്‍ ഭീകരമായ തീവെപ്പും അക്രമങ്ങളും നേരിടുന്നു,’ അദ്ദേഹം പറഞ്ഞു.

യു.എസ് പര്യടനത്തിനിടെ വാഷിങ്ടണ്‍ ഡി.സിയിലെ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സിലെ ആദം പോണസുമായി നടത്തിയ അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ ഉയരുന്നുവെന്ന് പറഞ്ഞിരുന്നു. പാകിസ്ഥാനിലെ എല്ലാ ന്യൂനപക്ഷങ്ങളും നശിച്ച് കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയില്‍ ക്രമസമാധാന പ്രശ്‌നം സംസ്ഥാനമാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

content highlight: asadhudheen uvaisy against nirmala sitharaman

We use cookies to give you the best possible experience. Learn more