| Tuesday, 24th September 2024, 6:43 pm

ശ്രീലങ്കയുടെ പതിനാറാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയുടെ പതിനാറാമത് പ്രധാനമന്ത്രിയായി ഡോക്ടര്‍ ഹരിണി അമരസൂര്യ ചുമതലയേറ്റു. ശ്രീലങ്കയിലെ ഒമ്പതാമത് പ്രസിഡന്റായി അനുരകുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് പ്രധാനമന്ത്രിയായി ഹരിണിയിയെ തെരഞ്ഞെടുത്തത്.

നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തില്‍ നിന്നുള്ള എന്‍.സി.പി എം.പിയാണ് ഹരിണി. എം.പി എന്നതിന് പുറമെ അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. ശ്രീലങ്കയിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായാണ് ഹരിണി ചുമതലയേറ്റത്.

ശ്രീലങ്കയില്‍ അനുരകുമാര ദിസനായകെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്ന് ദിനേശ് ഗുണവര്‍ദന പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹരിണി പ്രധാനമന്ത്രി ചുമതല ഏല്‍ക്കുന്നത്.

അതേസമയം രാജ്യത്തെ നീതി, വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ, ആരോഗ്യം, നിക്ഷേപം എന്നീ വകുപ്പുകളും ഹരിണിയെ ഏല്‍പ്പിച്ചിട്ടുണ്ട്.

സിരിമാവോ ബന്ദര്‍നായികെയ്ക്കും ചന്ദ്രിക കുമാര്‍തുംഗയ്ക്കും ശേഷമുള്ള മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. 2000ന് ശേഷം 24 വര്‍ഷത്തിനിടെ രാജ്യത്തെ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നയാളും കൂടിയാണ് ഹരിണി.

ദല്‍ഹി ഹിന്ദുകോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഹരിണി സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി ബിരുദം പൂര്‍ത്തിയാക്കുന്നത്. അധ്യാപക സംഘടനാ നേതാവായും എഴുത്തുകാരിയായും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. 2020ലാണ് ഹരിണി എന്‍.സി.പി ദേശീയ പട്ടികയിലൂടെ പാര്‍ലമെന്റ് അംഗമായി എത്തിയത്.

മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ പരാജയപ്പെടുത്തി അനുര കുമാര ദിസനായകെ വിജയിച്ചിരുന്നു. ഒമ്പതാമത് പ്രസിഡന്റായി ഇന്നലെ (23.4.24) യാണ് ദിസനായകെ സത്യപ്രതിജ്ഞ ചെയ്തത്.

Content Highlight: AS THE SIXTEENTH PRESIDENT OF SRILANKA; DR HARINI AMARASURYA TOOK CHARGE

We use cookies to give you the best possible experience. Learn more