| Tuesday, 15th March 2022, 3:34 pm

എന്തിനാണ് അയാള്‍ ആര്‍.എസ്.എസിന്റെ ഭാഷയില്‍ സംസാരിക്കുന്നത്? രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച സിബലിനെതിരെ കോണ്‍ഗ്രസ് ലോക് സഭാ വിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദസല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബലിനെതിരെ പാര്‍ട്ടി ലോക് സഭാ വിപ്പ് മാണിക്കം ടാഗോര്‍.

സിബലിന്റേത് ആര്‍.എസ്.എസിന്റേയും ബി.ജെ.പിയുടേയും ഭാഷയാണെന്ന് മാണിക്കം ടാഗോര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊല്ലാനും ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കാനുമാണ് ഗാന്ധിമാരെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് പുറത്താകണമെന്ന് ആര്‍.എസ്.എസും ബി.ജെ.പിയും ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറച്ച വിശ്വസ്തനായ ടാഗോര്‍ പറഞ്ഞു.
ഗാന്ധിമാരുടെ നേതൃത്വമില്ലാതെ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയായി മാറുമെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.

പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് നേരത്തെ കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. ഗാന്ധിമാര്‍ നേതൃസ്ഥാനത്തുനിന്ന് മാറി മറ്റാര്‍ക്കെങ്കിലും സ്ഥാനം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

എട്ട് വര്‍ഷത്തിന് ശേഷവും പാര്‍ട്ടിയുടെ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ നേതൃത്വം വെള്ളരിക്കാപ്പട്ടണത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയോ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള സി.ഡബ്ല്യു.സിയുടെ തീരുമാനമോ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സിബല്‍ പറഞ്ഞു.

Content Highlights: As Sibal criticises Gandhis, Congress leader asks: ‘Why he is speaking language of RSS/BJP?’

We use cookies to give you the best possible experience. Learn more