ഹരിദ്വാര്‍: കുംഭ മേളയില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ച് ഉത്തരാഖണ്ഡ്. ‘ഷാഹി സ്നാന്‍’ പൂര്‍ത്തിയായതോടെയാണ് മേളയില്‍ വിന്യസിച്ച 50 ശതമാനം പൊലീസ് സേനയെ പിന്‍വലിച്ചതായി ഉത്തരാഖണ്ഡ് പൊലീസ് ജനറല്‍ അറിയിച്ചത്.
‘ഷാഹി സ്‌നാന്‍’ ഉള്‍പ്പെടെയുള്ള ഹരിദ്വാര്‍ കുംഭത്തിന്റെ പ്രധാന ഭാഗം കഴിഞ്ഞതിനാല്‍ അവിടെ വിന്യസിച്ച മൊത്തം സേനയുടെ 50 ശതമാനം പിന്‍വലിച്ചു. ബാക്കി സേനയും ഘട്ടംഘട്ടമായി പിന്‍വലിക്കും എന്നാണ് ഡി.ജി.പി പറഞ്ഞത്.
14 ലക്ഷത്തിലധികം ആളുകളാണ് ഗംഗാ സ്‌നാനം നടത്തിയത്. രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ നടത്തുന്ന കുംഭ മേളയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. കുംഭ മേളയില്‍ പങ്കെടുത്ത ആയിരത്തിലധികം ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട് വന്നിരുന്നു. കുംഭ മേള നടക്കുന്ന സ്ഥലത്തുനിന്ന് പൊലീസിനെ പിന്‍വലിക്കുന്നതോടെ സ്ഥിതികള്‍ നിയന്ത്രിക്കുന്നതില്‍ പ്രതിസന്ധി ഉണ്ടാകുമെന്നാണ് നിലവില്‍ ഉയര്‍ന്നുവരുന്ന ആശങ്ക.
അതേസമയം, ഹരിദ്വാറിലെ മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തുടരുമെന്ന് തന്നെയാണ് അധികൃതര്‍ പറയുന്നത്. കൊവിഡ് കാരണം കുംഭമേള നിര്‍ത്താനുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
”കുംഭമേള ജനുവരിയില്‍ ആരംഭിക്കാറുണ്ടായിരുന്നുവെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഏപ്രിലില്‍ ഇത് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കുംഭ മേളയുടെ ദിവസം വെട്ടിക്കുറച്ചതായി എനിക്ക് ഒരു വിവരവുമില്ല, ”ഹരിദ്വാറിലെ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് റാവത്ത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക