| Thursday, 5th September 2024, 2:31 pm

ജർമനിയുടെ ലോകകപ്പ് ഹീറോ ഇനി ഇറ്റലിയിൽ പന്തുതട്ടും; 23 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇതിഹാസമെത്തുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ജര്‍മനിയുടെ ലോകകപ്പ് ഹീറോ മാറ്റ് ഹമ്മല്‍സിനെ സ്വന്തമാക്കി ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമ. പ്രതിവര്‍ഷം രണ്ട് മില്യണ്‍ തുകക്കാണ് ഇറ്റാലിയന്‍ ക്ലബ്ബ് ഹമ്മല്‍സിനെ സ്വന്തമാക്കിയതെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ പറയുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് ഹമ്മല്‍സിനെ റോമ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

കഴിഞ്ഞ സീസണിലാണ് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഹമ്മല്‍സ് ടീം വിട്ടത്. ഡോര്‍ട്മുണ്ടിനായി 508 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 38 ഗോളുകളും 23 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ മുന്നേറാന്‍ ഡോര്‍ട്മുണ്ടിന് സാധിച്ചിരുന്നു. നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഡോര്‍ട്മുണ്ടിനെ ചാമ്പ്യന്‍സ് ലീഗിന്റെ കാലാശ പോരാട്ടത്തിലേക്ക് നയിച്ചതില്‍ നിര്‍ണായകമായ പങ്കായിരുന്നു ഹമ്മല്‍സ് നടത്തിയത്.

എന്നാല്‍ ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയായിരുന്നു.

ടീമിന്റെ പ്രധാന സെന്റര്‍ ബാക്കായ ഇംഗ്ലീഷ് താരം ക്രിസ് സ്മാലിങ് സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഫെയ്ഹയിലേക്ക് ചേക്കേറിയിരുന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് സൗദി ക്ലബ്ബ് സ്മാലിങ്ങിനെ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഹമ്മല്‍സിനെ റോമ സ്വന്തമാക്കിയത്.

ഹമ്മല്‍സിനെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് ജര്‍മന്‍ താരത്തെ ഇറ്റാലിയന്‍ ക്ലബ് സ്വന്തമാക്കുകയായിരുന്നു.

അതേസമയം സിരി എയുടെ പുതിയ സീസണില്‍ അത്ര മികച്ച തുടക്കമല്ല റോമക്ക് ലഭിച്ചിരുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു തോല്‍വിയും രണ്ട് സമനിലയും അടക്കം രണ്ട് പോയിന്റുമായി 17ാം സ്ഥാനത്താണ് റോമ.

സെപ്റ്റംബര്‍ 15ന് ജെനോവെക്കെതിരെയാണ് എസ്.റോമയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ഹമ്മല്‍സ് കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2000-01 സീസണിന് ശേഷം ഒരിക്കല്‍ പോലും സിരി എ വിജയിക്കാന്‍ റോമക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജര്‍മന്‍ താരത്തിന്റെ വരവോട് കൂടി ടീമിന്റെ 23 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: AS Roma Sign German Player Mat Hummels

We use cookies to give you the best possible experience. Learn more