| Thursday, 22nd August 2024, 12:30 pm

നിര്‍ണായക സന്ദര്‍ശനത്തിനായി രാഹുലും ഖാര്‍ഗെയും ജമ്മു കശ്മീരില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ദ്വിദിന സന്ദര്‍ശനത്തിനായി ശ്രീനഗറിലെത്തി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഇരുവരുടെയും സന്ദര്‍ശനം നിര്‍ണ്ണായമാണ്. 2014ലാണ് ജമ്മു കശ്മീരില്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.

സെപ്തംബര്‍ 18, 25 ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. 24 സീറ്റുകളിലേക്ക് സെപ്തംബര്‍ 18ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെയും ഖാര്‍ഗെയുടെയും ജമ്മു കശ്മീര്‍ സന്ദര്‍ശനം.

ഈ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ വിജയം ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ ഇരുവരും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള കൂടികാഴ്ചയില്‍ ഇവര്‍ തമ്മിലുള്ള സഖ്യ സാധ്യതയും പരിഗണിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള കൂടിയാലോചനകളും ആരംഭിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിലവിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി നാഷണല്‍ കോണ്‍ഫറന്‍സും ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക യൂണിറ്റ് വൈസ് പ്രസിഡന്റ് ഗുലാം നബി മോഗ പറഞ്ഞു.

സമാനചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് യൂണിറ്റിന്റെ നിയുക്ത പ്രസിഡന്റ് താരിഖ് ഹമീദ് കാര അഭിപ്രായപ്പെട്ടു.

നിലവില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ആരുമായും സഖ്യമുണ്ടാക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു. പക്ഷെ ഇവര്‍ തന്നെ ആവശ്യപ്പെട്ടതിനാലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കശ്മീര്‍ സന്ദര്‍ശനം നടത്തുന്നതെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണതന്ത്രങ്ങളും സ്ഥാനാര്‍ത്ഥികളുടെ കാര്യങ്ങളും സഖ്യങ്ങളുടെ സാധ്യതകളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയാന്‍ കഴിയുമെന്നാണ് സൂചന.

As Rahul Gandhi lands in J-K today, all eyes on whether Congress, National Conference join hands

We use cookies to give you the best possible experience. Learn more