|

സ്ഥാപകദിനമായ ഇന്ന് പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്; രാഹുല്‍ അസമില്‍, പ്രിയങ്ക ലഖ്‌നൗവില്‍; പദ്ധതികള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ 134-ാം സ്ഥാപകദിനമായ ഇന്ന് കോണ്‍ഗ്രസ് രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ‘ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു പ്രതിഷേധം.

സ്ഥാപകദിനത്തിന്റെ ഭാഗമായി ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പതാക ഉയര്‍ത്തും. പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി അസമിലെ ഗുവാഹത്തിയില്‍ പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ മാര്‍ച്ചിനു നേതൃത്വം നല്‍കും.

പ്രതിഷേധത്തില്‍ സംസ്ഥാനത്തു കൊല്ലപ്പെട്ട അഞ്ചുപേര്‍ക്ക് രാഹുല്‍ ആദരാഞ്ജലി അര്‍പ്പിക്കുമെന്ന് അസമിലെ കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് ഹരീഷ് റാവത്ത് അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പരിപാടികള്‍. സംസ്ഥാനത്തു വിവിധ സ്ഥലങ്ങളില്‍ ഭരണഘടനയെയും ഇന്ത്യയെയും രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ചുകള്‍ നടത്തുമെന്ന് പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ വിവിധ നേതാക്കളെ അടുത്തിടെ പുറത്താക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ യൂണിറ്റ് പുനഃസംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങളിലും ഉപദേശക കൗണ്‍സിലിലും പ്രിയങ്ക പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

അതിനിടെ ലഖ്‌നൗവിലെ അംബേദ്കര്‍ പ്രതിമയ്ക്ക് അരികിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ഇതു നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രിയങ്ക ലഖ്‌നൗവിലെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തു നടക്കുന്ന വിവിധ പരിപാടികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.