സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ പേരില്‍ സെപ്റ്റംബറില്‍ ശ്വേതാ ബസു അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ശ്വേതയ്ക്ക് ശക്തമായ പിന്തുണയുമായെത്തിയ ഹന്‍സല്‍ മെഹ്ത തന്റെ ചിത്രത്തില്‍ വേഷം നല്‍കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.
തന്റെ ചിത്രത്തിലേക്ക് ശ്വേതയെ ക്ഷണിച്ച കാര്യം മെഹ്ത തന്നെയാണ് അറിയിച്ചത്. ” ഞങ്ങള്‍ ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഞാന്‍ ക്ഷണിച്ചതനുസരിച്ച് ഞങ്ങള്‍ എന്റെ ഓഫീസില്‍വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഞങ്ങള്‍ ഒരുപാട് സമയം സംസാരിച്ചു. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ മ്യൂസിക്കിനെക്കുറിച്ച് ഒരുക്കുന്ന ഡോക്യുമെന്ററിയിലേക്ക് ശ്വേതയ്ക്ക് റോളും ഞാന്‍ ഓഫര്‍ ചെയ്തു.” മെഹ്ത പറഞ്ഞു.
അറസ്റ്റിലായതിന് പിന്നാലെ തനിക്ക് റോളുകള്‍ ലഭിക്കാത്തതിനാലാണ് വേശ്യാവൃത്തിയ്ക്ക് തയ്യാറായതെന്ന് ശ്വേത പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനുശേഷം മെഹ്ത ഉള്‍പ്പെടെ നിരവധി ബോളിവുഡ് സംവിധായകന്മാര്‍ ശ്വേതയ്ക്ക് റോള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ജാമ്യം നേടി തിരിച്ചെത്തിയ ശ്വേത ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. തനിക്ക് ആവശ്യത്തിന് ജോലിയുണ്ടെന്നും സിമ്പതിയുടെ പേരില്‍ ആരുടെയും റോള്‍ വേണ്ടെന്നും പറഞ്ഞിരുന്നു.
” സിമ്പതിയുടെ പേരില്‍ എനിക്ക് ആരുടെയും റോള്‍ വേണ്ട. റോള്‍ എനിക്ക് യോജിക്കുമെങ്കില്‍ ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കും.” എന്നാണ് ശ്വേത പറഞ്ഞത്.
എന്നാല്‍ സിമ്പതിയുടെ പേരിലല്ല താന്‍ ശ്വേതയ്ക്ക് റോള്‍ ഓഫര്‍ ചെയ്തതെന്നും മെഹ്ത വ്യക്തമാക്കിയിട്ടുണ്ട്. വളരെയധികം കഴിവുള്ള നടിയാണ് ശ്വേത. ഈ പ്രോജക്ടിലേക്ക് ശ്വേതയെ തിരഞ്ഞെടുക്കാന്‍ ഒരു തടസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.