ന്യൂദല്‍ഹി: കര്‍ഷക നേതാക്കള്‍ക്ക് എന്‍.ഐ.എ നോട്ടീസ് അയച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിരോമണി അകാലി ദള്‍. ഒന്‍പതാം തവണയും കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ കര്‍ഷകരെ തളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്‍.ഐ.എയെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ നീക്കമെന്ന് അകാലി ദള്‍ അധ്യക്ഷന്‍ സുഖ് ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.
കര്‍ഷകര്‍ ദേശവിരുദ്ധരല്ലെന്നും ബാദല്‍ പറഞ്ഞു.
”കര്‍ഷക നേതാക്കളെയും കര്‍ഷക പ്രതിഷേധത്തേയും പിന്തുണയ്ക്കുന്നവരെയും ഭീഷണിപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നു. അവര്‍ ദേശവിരുദ്ധരല്ല. ഒന്‍പതാം തവണയും ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷം, കര്‍ഷകരെ തളര്‍ത്താന്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്,” അദ്ദേഹം പറഞ്ഞു.
സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് എന്‍.ഐ.എയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് എന്‍.ഐ.എ നോട്ടീസ് നല്‍കിയത്.
യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15 ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരെ ദല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു.
നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കര്‍ഷകരുമായി പത്താംവട്ട ചര്‍ച്ച ജനുവരി 19 ന് നടത്താനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക